ദുബൈ: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത് റെക്കോർഡ് മഴയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. ഏറ്റവും കൂടുതൽ മഴ പെയ്തത് അൽ ഐനിലെ ഖത്ം അൽ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനിടെ 254 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1949-ൽ ഡാറ്റാ ശേഖരണം ആരംഭിച്ചത് മുതൽ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന മഴയാണ് ഇന്നലെ രാത്രി ഒമ്പത് വരെ രാജ്യത്ത് പെയ്തത്. യുഎഇയുടെ കാലാവസ്ഥാ ചരിത്രത്തിലെ അസാധാരണ സംഭവമാണിതെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി പറഞ്ഞു. കനത്ത മഴ യുഎഇയിലെ വാർഷിക മഴയുടെ ശരാശരി വർധിപ്പിക്കുന്നതിനും രാജ്യത്തിൻ്റെ ഭൂഗർഭ ജലശേഖരം ശക്തിപ്പെടുത്തുന്നതിനും സഹായകരമാണെന്നും കാലാവസ്ഥാ വകുപ്പ് വിദഗ്ധർ അറിയിച്ചു.