ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൈയടക്കിയിരുന്ന ദേവാലയത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബലിയര്‍പ്പണം
മൊസൂള്‍ : ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ മതപരമായ ഓഫീസാക്കി മാറ്റിയ ഇറാഖിലെ ക്രൈസ്തവ ദേവാലയത്തില്‍ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും ദിവ്യബലിയര്‍പ്പണം. ഇന്നലെ നിരവധി വിശ്വാസികളുടെയും പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തില്‍ മൊസൂളിൽ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ നിത്യസഹായ മാതാവിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്ക ദേവാലയം തുറന്നുക്കൊടുത്തത്. ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശത്തിന് ശേഷം ദേവാലയം പൂര്‍ണ്ണമായും അശുദ്ധമാക്കപ്പെട്ടിരുന്നു. നീണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ദേവാലയം തുറന്നു നല്‍കിയത്. പുനരുദ്ധാരണത്തിന് ശേഷം നടന്ന ആദ്യ കുർബാനയിൽ മുന്നൂറിലധികം വിശ്വാസികള്‍ പങ്കെടുത്തു. കല്‍ദായ കത്തോലിക്കാ സഭാതലവനായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഇറാഖിലെ രണ്ടാമത്തെ നഗരമായ മൊസൂൾ ചരിത്രപരമായി അറബ് ലോകത്തെ ഏറ്റവും സാംസ്കാരിക വൈവിധ്യമുള്ള നഗരങ്ങളിലൊന്നായിരുന്നു. എന്നാൽ 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് (ഐഎസ്) ഇറാഖിലേക്ക് കടന്നപ്പോൾ, അവർ മൊസൂളിൽ നിന്ന് തങ്ങളുടെ “ഖിലാഫത്ത്” പ്രഖ്യാപിച്ചു. അവരുടെ ആക്രമണം നിനവേ പ്രവിശ്യയിലെ ലക്ഷക്കണക്കിന് ക്രിസ്ത്യാനികളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കി. നിലവില്‍ പുനരുദ്ധരിച്ച ദേവാലയത്തിന്റെ പുറം ഭിത്തിയിൽ ഇസ്ലാമിക തീവ്രവാദികള്‍ “ഇസ്ലാമിക് സ്റ്റേറ്റ് ഹെസ്ബ ഡിവിഷൻ (മത പോലീസ്)” എന്ന് എഴുതിയിരുന്നു.
ക്രൈസ്തവരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനും പ്രത്യേക നികുതി അടയ്‌ക്കാനും കൽപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ഈ മതപോലീസാണ് നേതൃത്വം നല്‍കിയിരുന്നത്. നിബന്ധനകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ച നൂറുകണക്കിനു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ഐഎസ് ഭരണകാലത്ത്, ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന എല്ലാ അടയാളങ്ങളും നീക്കം ചെയ്യപ്പെട്ടു, യേശുവിൻ്റെ ക്രൂശിത രൂപങ്ങളും കന്യാമറിയത്തിന്റെ രൂപങ്ങളും ഉള്‍പ്പെടെ തീവ്രവാദികള്‍ തകര്‍ത്തിരുന്നു.
പള്ളിയുടെ ചുവരുകളിൽ അവരുടെ പേരുകൾ തന്നെ എഴുതി. യുഎസ് പിന്തുണയുള്ള ഇറാഖി സൈന്യം മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് 2017-ൽ ഐ എസിനെ തുരത്തിയത്. പതിയെ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയായിരുന്നു . ചെറിയ പള്ളി അതിൻ്റെ പഴയ രൂപകല്പനയില്‍ തന്നെയാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. താഴികക്കുടങ്ങളും വലിയ ക്രൂശിതരൂപങ്ങളും നവീകരിച്ച മണി ഗോപുരവും പുനരുദ്ധരിച്ച ദേവാലയത്തിന്റെ ശ്രദ്ധാകേന്ദ്രമായി.
