Ultimate magazine theme for WordPress.

അതിജീവനത്തിനായി പൊരുതുന്ന ജനതയോട് ഐക്യദാര്‍ഢ്യം: കെ‌സി‌ബി‌സി

കൊച്ചി: വന്യജീവി ആക്രമണങ്ങളില്‍ അതിജീവനത്തിനായി പൊരുതുന്ന ജനതയോട് പരിപൂര്‍ണ്ണ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയാണെന്ന് കെസിബിസി. വയനാട്ടിലും പരിസര ജില്ലകളിലും സംഭവിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനതകളില്ലാത്ത വന്യജീവി ആക്രമണങ്ങളാണ് അവിടങ്ങളില്‍ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മാത്രം മൂന്നുപേരുടെ ജീവന്‍ വയനാട്ടില്‍ നഷ്ടപ്പെട്ടിരിക്കുന്നു. വിഷയത്തില്‍ ശാശ്വതമായ പ്രശ്‌നപരിഹാരത്തിനായി സമഗ്രമായ നിയമനിര്‍മ്മാണം നടത്തണമെന്നു കെസിബിസി ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. അതേ രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍ 910 ആണ്. വര്‍ഷങ്ങള്‍ പിന്നിടുംതോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കേരളത്തിലേത്.

ഈ ഘട്ടത്തില്‍ തികഞ്ഞ ഗൗരവത്തോടെ പ്രായോഗികവും സത്വരവുമായ ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന – കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകളെയും പ്രാണഭയത്തെയും അടിച്ചമര്‍ത്തി എളുപ്പവഴിയില്‍ പ്രശ്‌നപരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളില്‍നിന്ന് വനം വന്യജീവി വകുപ്പും ഉദ്യോഗസ്ഥരും പിന്മാറണം. ജനവാസ മേഖലകളില്‍ വിഹരിക്കുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഉടനടി പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍ മനുഷ്യജീവന് ഉയര്‍ന്ന പരിഗണന നല്‍കി അവയെ വെടിവച്ചുകൊല്ലാനുള്ള നയ രൂപീകരണം ഉടനടി നടത്തണം. വനത്തിന്റെ സ്വാഭാവികമായ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന വിധത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വന്യജീവി ആക്രമണങ്ങളില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയില്‍ കഴിയുന്ന എല്ലാ കുടുംബങ്ങളോടും സഭയുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം അതിജീവനത്തിനായി പൊരുതുന്ന ജനതയോട് പരിപൂര്‍ണ്ണ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയാണെന്ന് കെസിബിസി പ്രസ്താവിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.