ന്യൂഡല്‍ഹി: രക്തദാനം ലാഭം കൊയ്യാനുള്ള ഉപാധിയാക്കി മാറ്റരുതെന്ന കര്‍ശന നിര്‍ദേശവുമായി ഡിജിസിഐ. രാജ്യത്തെമ്പാടുമുള്ള രക്തബാങ്കുകള്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ബ്ലഡ്-യൂണിറ്റുകള്‍ക്ക് ഈടാക്കുന്ന എല്ലാ ചാര്‍ജും ഒഴിവാക്കണമെന്ന് ഡിജിസിഐയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
സപ്ലൈ-പ്രോസസിങ് കോസ്റ്റ് ഒഴികെ ഒരു രൂപ പോലും ബ്ലഡ്-യൂണിറ്റിന് ഈടാക്കരുതെന്നാണ് നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ബ്ലഡ് ബാങ്കുകള്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവ് ഡിജിസിഐ കൈമാറി. രക്ത ബാങ്കുകളില്‍ അധിക നിരക്ക് ഈടാക്കുന്നുണ്ടെന്ന് ഡിജിസിഐയ്ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് ഡിജിസിഐ ഉത്തരവ് നല്‍കിയത്.
പ്രോസസിങ് ചാര്‍ജ് ഈടാക്കുന്നതിനായി പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളാണ് പരിഗണിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഒരാള്‍ ദാനം ചെയ്ത രക്തം അതുപോലെ തന്നെ രോഗിക്ക് നല്‍കാന്‍ സാധിക്കില്ല. ദാനം ചെയ്ത രക്തം പ്രോസസ് ചെയ്യേണ്ടതുണ്ട്. റെഡ് സെല്‍സ്, പ്ലേറ്റ്ലെറ്റുകള്‍, പ്ലാസ്മ എന്നിങ്ങനെ രക്തത്തെ വേര്‍തിരിക്കും. ഇതിനെയാണ് ബ്ലഡ് പ്രോസസിങ് എന്ന് വിളിക്കുന്നത്. ഇത്തരത്തില്‍ രക്തത്തെ വിവിധ ഘടകങ്ങളായി തിരിക്കുന്ന പ്രോസസ് കഴിഞ്ഞാല്‍ മാത്രമേ അവ രോഗിക്ക് പകര്‍ന്നു നല്‍കാന്‍ സാധിക്കൂ. ഇതിന് ചെലവാകുന്ന തുക മാത്രമേ ആവശ്യക്കാരില്‍ നിന്ന് ബ്ലഡ് ബാങ്കുകള്‍ ഈടാക്കാന്‍ പാടുള്ളൂവെന്നാണ് ഡിജിസിഐയുടെ നിര്‍ദേശം
