2040ഓടെ ചന്ദ്രനിൽ വീടുകൾ നിർമിക്കാനാകുമെന്ന് നാസ ശാസ്ത്രജ്ഞർ. ബഹിരാകാശ യാത്രികർക്ക് മാത്രമല്ല സാധാരണ പൗരന്മാർക്കും ഉപയോഗിക്കാൻ കഴിയുന്നവയായിരിക്കുമെന്നാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി വിശദീകരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ കാണുന്ന പാറക്കഷണങ്ങൾ, ധാതു ശകലങ്ങൾ, പൊടി എന്നിവ ഉപയോഗിച്ച് 3-ഡി പ്രിന്റർ മുഖേന, കെട്ടിടത്തിന്റെ ഘടനകൾ പാളികളായി നിർമിക്കാനാണ് നാസയുടെ മോഹ പദ്ധതി. നിശ്ചയിച്ച സമയക്രമവും മാനദണ്ഡങ്ങളും കൈവരിക്കാൻ കഴിഞ്ഞാൽ 2040ഓടെ ഈ ലക്ഷ്യം നേടാനാകുമെന്ന് നിരവധി നാസ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
