Ultimate magazine theme for WordPress.

വനിതാ സംവരണ ബില്‍: ഉപരാഷ്ട്രപതി ഒപ്പുവെച്ചു, രാഷ്ട്രപതിക്ക് മുമ്പാകെ സമര്‍പ്പിക്കും

ഡൽഹി :പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വനിതാ സംവരണ ബില്ലില്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ഒപ്പുവച്ചു. രാഷ്ട്രപതിയുടെ ഒപ്പിനായി ബില്‍ ദ്രൗപദി മുര്‍മുവിന്റെ മുമ്പാകെ സമര്‍പ്പിക്കും. രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ ബിൽ നിയമമാകും.

ബില്ലിൽ ഉപരാഷ്ട്രപതി ഒപ്പുവച്ച കാര്യം അദ്ദേഹത്തിന്റെ ഓഫീസാണ്‌ എക്‌സിലൂടെ അറിയിച്ചത്.
”ഭരണഘടനയുടെ അനുച്ഛേദം 111 പ്രകാരം അംഗീകാരത്തിനായി രാഷ്ട്രപതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്നതിന് വേണ്ടി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭരണഘടനാ (128ാം ഭേദഗതി) ബില്‍, 2023-ല്‍ രാജ്യസഭാ ചെയര്‍മാന്‍ ഒപ്പുവെച്ചു,” ഉപരാഷ്ട്രപതിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചു. ഒപ്പിട്ട ബില്ലിന്റെ കോപ്പി ധന്‍കറില്‍ നിന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്‌വാള്‍ ഏറ്റുവാങ്ങുന്ന ചിത്രവും ഉപരാഷ്ട്രപതിയുടെ ഓഫീസ്‌ പങ്കുവച്ചു. നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിത സംവരണ ബില്ലിന് രാജ്യസഭയും ലോക്സഭയും അംഗീകാരം നല്‍കിയിരുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് ലോക്‌സഭയിലും ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യസഭയിലും വോട്ടെടുപ്പ് നടത്തിയാണ് ബില്‍ പാസാക്കിയത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നയരൂപീകരണത്തില്‍ ജനപ്രതിനിധികളായി സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് വനിതാ സംവരണ ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. 2010ല്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്ലില്‍നിന്ന് ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന് സംവരണം ഉള്‍പ്പെടുത്തുന്നതിനുള്ള രണ്ട് ഭേദഗതി മാത്രമാണ് പുതിയ ബില്ലിലുള്ളത്.

Sharjah city AG