വാഷിംഗ്ടണ്‍ ഡിസി: കഴിഞ്ഞ അര ദശകത്തിനിടയില്‍ അമേരിക്കയില്‍ അഭയം ലഭിച്ച ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സര്‍ക്കാരേതര സന്നദ്ധ സംഘടനകളാണ് “ക്ലോസ്ഡ് ഡോഴ്സ്” എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയും ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് അഭയാര്‍ത്ഥി പുനരിധിവാസ പരിപാടികള്‍ റദ്ദ് ചെയ്തതുമാണ് ഇതിന്റെ കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ വലിയ കുറവാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
2016-ല്‍ 32,248 പേര്‍ അമേരിക്കയില്‍ അഭയം തേടിയപ്പോള്‍, 2022 ആയപ്പോഴേക്കും അത് 9528 ആയി കുറഞ്ഞു. 70% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-ല്‍ മ്യാന്‍മറില്‍ നിന്നും 7634 ക്രൈസ്തവര്‍ അമേരിക്കയില്‍ കുടിയേറിയപ്പോള്‍ 2022-ല്‍ അത് വെറും 587 ആയി കുറഞ്ഞു. ഏഴു വര്‍ഷം മുന്‍പ് ഇറാനില്‍ നിന്നുള്ള 2,086 ക്രിസ്ത്യാനികള്‍ അമേരിക്കയില്‍ അഭയം കണ്ടെത്തിയപ്പോള്‍ 2022-ല്‍ അത് 112 ആയി കുറഞ്ഞു. 2016-ല്‍ എറിത്രിയയില്‍ നിന്നും 1,639 ക്രൈസ്തവരും, ഇറാഖില്‍ നിന്നും 1,524 ക്രൈസ്തവര്‍ അമേരിക്കയില്‍ കുടിയേറിയപ്പോള്‍ 2022-ല്‍ അത് യഥാക്രമം 252, 93 ആയി കുറഞ്ഞു.
