Ultimate magazine theme for WordPress.

പഠനം തുടങ്ങി ആദിത്യ എൽ 1, വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രൊ

ബാംഗളൂർ :ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ശാസ്ത്രീയ രേഖകൾ ശേഖരിക്കാൻ ആരംഭിച്ചു. ആദിത്യയിലെ ‘സ്‌റ്റെപ്പ്സ്’ ഉപകരണമാണ് ഭൂമിയിൽ നിന്ന് 50000 കിലോമീറ്റർ ദൂരെയുള്ള സുപ്ര- തെർമൽ, എനർജെറ്റിക് അണുവിനെയും സൂക്ഷ്മകണങ്ങളെയും പഠിക്കാന്‍ ആരംഭിച്ചത്. ഭൂമിയുടെ ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം മനസിലാക്കാൻ ഈ വിവരങ്ങൾ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഐഎസ്ആർഒയാണ് എക്‌സിലൂടെ ഇക്കാര്യങ്ങൾ പങ്കുവച്ചത്. ഭൂമിക്ക് ചുറ്റുമുള്ള കണികകളുടെ ഊർജത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ വ്യക്തമാക്കുന്ന ചിത്രവും ഇസ്രോ ഇന്ന് പുറത്തുവിട്ടു. സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ സൗരദൗത്യം നിലവിൽ നാല് തവണ വിജയകരമായി ഭ്രമണപഥമുയർത്തിയിരുന്നു. സെപ്റ്റംബർ മൂന്ന്, അഞ്ച്, പത്ത്, പതിനഞ്ച് തീയതികളിലായാണ് നാലുതവണ ഭ്രമണപഥമുയർത്തിയത്. ഭൂമിയിൽ നിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യനെ പഠിക്കുകയാണ് ആദിത്യ എൽ 1ന്റെ ലക്ഷ്യം. സൂര്യന് വളരെ അടുത്തേക്ക് എത്താനാകില്ലെങ്കിലും ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പഠനം നടത്തുക.
ലഗ്രാഞ്ച് – 1 എന്ന ബിന്ദുവിലേക്കാണ് ആദിത്യ എൽ 1 കുതിക്കുന്നത്. 125 ദിവസം സഞ്ചരിച്ചാകും പേടകം ലഗ്രാഞ്ച് – ഒന്നിലെത്തുക. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളിൽ ഒന്നാണ് ലഗ്രാഞ്ച് – 1. ഇവിടെനിന്ന് ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽ പതിക്കാതെ സൂര്യനെ നന്നായി വീക്ഷിക്കാൻ പേടകത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Sharjah city AG