ബാംഗളൂർ : ചന്ദ്രയാൻ ചന്ദ്രനിൽ മുത്തമിട്ടു . മുൻ നിശ്ചയിച്ച പ്രകാരം വൈകിട്ട് 6:04 ന് ലാൻഡർ ചന്ദ്രോപരിതലം തൊട്ടതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായും സോഫ്റ്റ് ലാൻഡിങ്ങിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമായും ഇന്ത്യമാറി . ഇന്ത്യക്കു മുൻപ് അമേരിക്ക , ചൈന , റഷ്യ എന്നീ രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് വിജയിച്ച രാജ്യങ്ങൾ.
സംഭ്രമത്തിന്റെയും ഉദ്വേഗത്തിന്റെയും അവസാന 19 നിമിഷങ്ങൾ താണ്ടിയാണ് സ്വപ്ന നേട്ടത്തിലേക്ക് ഇന്ത്യയെ ലാൻഡർ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യിച്ചത് . ഐ എസ് ആർ ഓയുടെ ബെംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെ ശാസ്ത്രജ്ഞർക്കായിരുന്നു ദൗത്യത്തിന്റെ നിയന്ത്രണം . ബഹിരാകാശ ശാസ്ത്രജ്ഞർ നേരത്തെ തയ്യാറാക്കി നൽകിയ മാർഗ നിർദേശം അനുസരിച്ച് സ്വയം കൈകാര്യം ചെയ്താണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ മൃതു ഇറക്കം പൂർത്തിയാക്കിയത്. ചന്ദ്രന്റെ 25 കിലോമീറ്റർ മുകളിൽ നിന്ന് തിരശ്ചീനമായും പിന്നീട് ലംബമായും സഞ്ചരിച്ചാണ് സോഫ്റ്റ് ലാൻഡിങ്ങിനുള്ള നാല് ഘട്ടങ്ങൾ ലാൻഡർ പൂർത്തീകരിച്ചത് .
