ഒരാഴ്ചയിലേറെയായി തുടരുന്ന അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും മിന്നൽപ്രളയങ്ങളിലുംപെട്ട് ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 81 മരണം സ്ഥിരീകരിച്ചു. വരും ദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലവാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഹിമാചല്‍പ്രദേശിൽ മരിച്ചവരുടെ എണ്ണം 71 ആയി. ഇതിൽ 13പേരുടെ മൃതദേഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഹിമാചലിലെ സമ്മര്‍ഹില്‍ , ഫാഗ്ലി , കൃഷ്ണ നഗര്‍ എന്നീ മൂന്നുപ്രദേശങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. സമ്മര്‍ ഹില്ലില്‍ നിന്ന് 13 മൃതദേഹവും ഫാഗ്ലിയില്‍ നിന്ന് അഞ്ചും കൃഷ്ണനഗറില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് ഇടിഞ്ഞു വീണ സമ്മര്‍ഹില്ലിലെ ശിവ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് നിഗമനം. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
