ഇംഫാൽ :മണിപ്പൂരിൽ വർഗീയധ്രുവീകരണ രാഷ്ട്രീയം സൃഷ്ടിച്ച കലാപം നൂറാം ദിവസത്തിലേക്ക് എത്തുമ്പോഴും അവസാനമില്ലാതെ സാധാരക്കാരുടെ ജീവിതം. രണ്ടു ജനവിഭാഗങ്ങൾ മണിപ്പൂരിൽ ശത്രുരാജ്യങ്ങളെപ്പോലെ പോരടിക്കുകയാണ്. സ്‌ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നു. ഓരോ ദിവസവും മരണസംഖ്യ ഉയരുന്നു. ക്രൈസ്‌തവ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. കുക്കി, മെയ്‌ത്തീ വിഭാഗങ്ങളിലെ ക്രൈസ്‌തവവിശ്വാസികളാണ് കലാപത്തിന്റെ കെടുതികൾ കൂടുതലായി നേരിട്ടത്. ഇംഫാലിൽ അടക്കം അക്രമികൾ അഗ്നിക്കിരയാക്കിയ കത്തോലിക്കാ ദേവാലയങ്ങൾ ഒരു പുനർനിർമാണത്തിനുള്ള സാധ്യതപോലുമില്ലാതെ നശിപ്പിക്കപ്പെട്ടു.കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ ഒരു വാക്കുകൊണ്ടുപോലും സാന്ത്വനമേകിയില്ലെന്ന് ഇംഫാൽ ആർച്ച് ബിഷപ് ഡൊമിനിക് ലുമോൺ പറഞ്ഞു. ഇംഫാലിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായി എത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ ബിഷപ് ഹൗസിലേക്ക് തിരിഞ്ഞുനോക്കിയില്ല. എഴുന്നൂറോളം പള്ളികൾ താഴ്‌വരയിലും കുന്നുകളിലുമായി തകർക്കപ്പെട്ടു.ഭരണം മണിപ്പൂരിൽ പൂർണപരാജയമായി മാറിയെന്ന് സുപ്രീംകോടതിക്ക് തുറന്നടിക്കേണ്ടി വന്നു. ഭരണവാഴ്‌ച പൂർണമായും തകർന്നെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂട സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. അപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരൂഹമായ മൗനത്തിലാണ്. മണിപ്പൂർ സന്ദർശിക്കാൻപോലും മോദി തയ്യാറായിട്ടില്ല. ഭരണാധികാരിയെന്ന നിലയിൽ പൂർണപരാജയമാണ് മോദി എന്നതിന് മണിപ്പൂർ സാക്ഷ്യം.
