ന്യൂഡൽഹി : ഹരിയാനയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. നാല് കമ്പനി കേന്ദ്ര സേനയെക്കൂടി അയക്കണമെന്നാണ് ഹരിയാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സംഘര്‍ഷത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 166 ആയി. മൂന്ന് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചിരിക്കുകയാണ്. നൂഹ്, ഗുഡ്ഗാവ്, ഫരീദാബാദ് തുടങ്ങിയ സ്ഥലത്താണ് ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നത്. ഇതുവരെ ആറ് പേര്‍ സംഘര്‍ഷത്തില്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി ബുധനാഴ്ച മരിച്ചു. ബജ്റംഗ്ദള്‍ നേതാവ് പ്രദീപ് ശര്‍മയാണ് മരിച്ചത്. നേരത്തെ മരിച്ചവരില്‍ ഒരു പള്ളി ഇമാമും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു. ഹരിയാനയിലെയും ദല്‍ഹിയിലെയും വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്.
