ഐഎസ്ആര്‍ഒയ്ക്കും മൂന്നാം ചന്ദ്രയാനും ഇന്ന് നിര്‍ണായക ദിനം. ഭൂമിയെ വലയംവയ്ക്കുന്നത് അവസാനിപ്പിച്ച് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുകയാണ് ഇന്ന് ചന്ദ്രയാൻ 3. അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് നിര്‍ണായകമായ ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍. ജൂലൈ 14 ന് വിക്ഷേപണം നടന്നതിന് ശേഷം ഇത്രയും ദിവസം ഭൂഗുരുത്വ ബലത്തിന്‌റെ സ്വാധീനത്തിലായിരുന്നു ചന്ദ്രയാന്‍ 3. ആദ്യം ഭൂമിക്ക് അടുത്തുള്ള പാര്‍ക്കിങ് ഓര്‍ബിറ്റിലില്‍ പരിക്രമണം നടത്തിയ പേടകം, പിന്നീട് ഘട്ടംഘട്ടമായി ഭൂമിയില്‍ നിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തി. ജൂലൈ 15, 17,18, 20,25 തീയതികളിലായി അഞ്ച് തവണ ഭ്രമണപഥമുയര്‍ത്തി. ഭൂമിക്ക് അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 36,500 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥമായിരുന്നു പാര്‍ക്കിങ് ഓര്‍ബിറ്റ്. ആദ്യ ഭ്രമണപഥമുയര്‍ത്തലിലൂടെ 173 കി മീ, 41,762 കി മീ പരിധിയുള്ള ഓര്‍ബിറ്റിലിലെത്തി. അഞ്ചാമത്തെയും അവസാനത്തെയും ഓര്‍ബിറ്റ് റൈസിങ്ങിലൂടെ എത്തിയത് 1,27,603 കിലോ മീറ്റര്‍, 236 കിലോമീറ്റര്‍ പരിധിയുള്ള ഭ്രമണപഥത്തില്‍. ഇവിടെ നിന്നാണ് ഭൂമിയുടെ സ്വാധീനത്തില്‍ നിന്ന് പുറത്തുകടക്കുന്നത്.
