അടച്ചുപൂട്ടിയ കലാലയങ്ങള്‍ ഒമ്പതു മാസങ്ങള്‍ക്ക് ശേഷം തുറക്കുന്നു.
ജനുവരി മാസം കേരളത്തിലെ സ്‌കൂളുകള്‍ തുറന്നേക്കുമെന്നാണ് സൂചനകള്‍. സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ക്കുന്ന ഉന്നതതല യോഗം 17 ന് നടക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കും. പൊതുപരീക്ഷകള്‍ക്ക് തയ്യാറാവേണ്ട പത്ത്, പന്ത്രണ്ട് ക്ലാസുകാര്‍ക്ക് ജനുവരി ആദ്യവാരം തന്നെ ക്ലാസുകള്‍ തുടങ്ങാനാണ് ഉദ്ധേശിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഒമ്പത്, പതിനൊന്ന് ക്ലാസുകളുടെ കാര്യത്തില്‍ തീരുമാനം പിന്നീടേ എടുക്കൂ. പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ഥികള്‍ പൊതു പരീക്ഷയ്ക്ക് തയ്യാറാകേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉന്നതര്‍ പറയുന്നു.
പത്താം ക്ലാസിന് താഴെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് ഇതുവരെയുള്ള തീരുമാനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താഴെയുള്ള ക്ലാസുകള്‍ കൂടി തുടങ്ങുന്നതിനാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. അക്കാദമിക് വര്‍ഷം ക്ലാസുകള്‍ പൂര്‍ണ്ണമായും ഇല്ലാതാവുന്നതിലും പരീക്ഷ ഒഴിവാക്കുന്നതിലും ഒരു വിഭാഗം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സ്‌കൂളുകള്‍ തുറക്കുക. ഇക്കാര്യം 17 ലെ യോഗം ചര്‍ച്ച ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ പറഞ്ഞു. പത്ത്, പന്ത്രണ്ട് എന്നീ ക്ലാസുകള്‍ ജനുവരിയില്‍ തന്നെ തുറക്കാനാണ് ഉദ്ധേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പത്ത്, 12 ക്ലാസെടുക്കുന്ന അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്നാണ് നിര്‍ദേശം. ഒരു ദിവസം 50 ശതമാനം പേര്‍ എന്ന രീതിയില്‍ അധ്യാപകര്‍ ഹാജരാകാനാണ് നിര്‍ദേശം.
