ബുറെവിക്ക് പിന്നാലെ വരുന്നത് അര്ണബോ
തുടർച്ചയായ ചുഴലിക്കാറ്റ് ഭീഷണിയിൽ ഇന്ത്യൻ മഹാസമുദ്രമേഖല
ചെന്നൈ: ഇന്ത്യയും ശ്രീലങ്കയും അടക്കമുളള രാജ്യങ്ങളിലെ ജനങ്ങളെ ദിവസങ്ങളോളം ആശങ്കയിൽ നിർത്തിയ ബുറേവി ചുഴലിക്കാറ്റിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത ചുഴലിക്കാറ്റ് രൂപപ്പെടാൻ സാദ്ധ്യത. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് പേര് പുറത്തുവിട്ടത്.
ഫാനി, വായു, ബുൾബുൾ, ഹിക്ക, അംഫാൻ, നിസർഗ, നിവാർ, ബുറേവി എന്നിവയാണ് അടുത്തിടെ രൂപംകൊണ്ട ചുഴലിക്കാറ്റുകൾ. ഈ പേരുകൾക്കൊപ്പമാണ് അർണബും ഇടംപിടിക്കാൻ ഒരുങ്ങുന്നത്. നിവാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് ബുറേവി എത്തിയത്.
ബുറേവി ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിലുമടക്കം കനത്ത നാശം വിതച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. മഴ പെയ്തിരുന്നുവെങ്കിലും കേരളത്തിൽ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായാണ് ബുറേവി എത്തിയത്.
