ചരിത്രത്തിൽ ആദ്യം: കേരളത്തിൽ പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു
തിരുവനന്തപുരം : കേരളത്തിൽ വൈദ്യുതി ഉപയോഗം ചരിത്രത്തിൽ ആദ്യമായി 10 കോടി യൂണിറ്റ് പിന്നിട്ടു. വ്യാഴാഴ്ചയാണ് വൈദ്യുതി ഉപയോഗം 10.03 കോടി യൂണിറ്റ് ആയത്. വൈകുന്നേരം പീക് ലോഡ് സമയത്തെ ഉപയോഗവും 4903 മെഗാവാട്ടുമായി റെക്കോർഡിലേക്ക് കുതിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 518 മെഗാവാട്ടിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതേ രീതിയിൽ ഇനിയും ഉപയോഗം വർധിച്ചാൽ ഇപ്പോൾ ലഭ്യമായ വൈദ്യുതി തികയാതെ വരും. അധിക വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്നു യൂണിറ്റിനു 10 രൂപയ്ക്ക് വാങ്ങി കമ്മി നികത്തേണ്ടി വരും. എക്സ്ചേഞ്ചിൽ ഇപ്പോൾ വൈദ്യുതി ലഭ്യമാണ്. ലഭിക്കാതെ വന്നാൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. കഴിഞ്ഞ വർഷം ഏപ്രിൽ 28ന് പ്രതിദിന ഉപയോഗത്തിൽ രേഖപ്പെടുത്തിയ 9.29 കോടി യൂണിറ്റിന്റെ റെക്കോർഡ് ആണ് ചൊവ്വാഴ്ചത്തെ 9.56 കോടി യൂണിറ്റ് ഉപയോഗത്തോടെ തകർന്നത്. ബുധനാഴ്ച ആയപ്പോൾ വീണ്ടും റെക്കോർഡ് തകർത്ത് ഇത് 9.85 കോടി യൂണിറ്റിൽ എത്തി. എന്നാൽ വ്യാഴാഴ്ച 100 ദശലക്ഷം യൂണിറ്റ് പിന്നിട്ട് സർവകാല റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു.
