ജെറുസലേമിലെ അൽ അഖ്സ പള്ളിക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം
ഗാസ :ജെറുസലേമിലെ അൽ അഖ്സ പള്ളിക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ നിരവധി പലസ്തീൻ പൗരന്മാർക്ക് പരുക്കേറ്റു. സൈന്യത്തിൻറെ ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ പലസ്തീനികളെ ചികിത്സിക്കാൻ എത്തിയ ഡോക്ടർമാർക്ക് പോലും പള്ളിയിൽ ഇസ്രായേൽ സൈന്യം പ്രവേശനം നൽകിയില്ലെന്നും ആരോപണമുണ്ട്. സൈന്യം അറസ്റ്റ് ചെയ്ത 400 ഓളം പേരെ അട്ടറോട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇരു വിഭാഗക്കാരും ഉപയോഗിക്കുന്ന അൽ അഖ്സ പള്ളിക്കകത്ത് ആയുധങ്ങളുമായി കയറിയ പലസ്തീൻ പൗരന്മാർ പള്ളി അകത്തുനിന്ന് പൂട്ടിയതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത് എന്നാണ് ഇസ്രായേലിന്റെ വാദം. മുഖംമൂടി ധരിച്ച ചിലർ സൈന്യത്തിന് നേരെ ആക്രമണം നടത്താൻ ശ്രമിച്ചതായും ഇസ്രായേൽ പറയുന്നു. ഗാസയിൽ നിന്ന് ഇസ്രായേലിന് നേരെ മിസൈൽ പ്രതിരോധ കവചം തകർത്തു കൊണ്ട് ആക്രമണം നടന്നതായും ആരോപണം ഉയരുന്നുണ്ട്. എന്നാൽ സൈന്യത്തിന് നേരെ നടത്തിയതിനുള്ള പ്രത്യാക്രമണം എന്നാണ് ഇസ്രായേലിന്റെ വാദം.
എന്നാൽ പള്ളി പൂർണ്ണമായും പിടിച്ചെടുക്കാനുള്ള നീക്കമാണ് ഇസ്രായേൽ നടത്തുന്നത് എന്നാണ് പലസ്തീന്റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ ഗാസ കേന്ദ്രീകരിച്ചും ആക്രമണവും പ്രത്യാക്രമണവും തുടർന്നിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമൊന്നാകെ തെരുവിലിറങ്ങിയ ഘട്ടത്തിൽ തന്നെ പലസ്തീന് നേരെയുള്ള ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേൽ.
