രാജ്യം സ്തംഭിക്കും. ഭാരത് ബന്ദിന് ഗതാഗത സംഘടനകളുടെ പിന്തുണ, ചരക്കുനീക്കം നിർത്തിവെക്കുമെന്ന് ഭീഷണി
ദില്ലി: കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി ഗതാഗത സംഘടനകൾ. കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണയ്ക്കാൻ 51 ഗതാഗത സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ എട്ടിന് നടക്കുന്ന രാജ്യവ്യാപക ബന്ദിന് ഐക്യധാർഢ്യം പ്രഖ്യാപിച്ചാണ് സംഘടനകൾ രംഗത്തെത്തിയിട്ടുള്ളത്. ദി ദില്ലി ഗുഡ്സ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഇന്ത്യ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ എന്നീ സംഘടനകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിൽ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
കർഷക പ്രതിഷേധത്തിന്റെ തുടക്കം മുതൽ തന്നെ തങ്ങൾ കർഷകർക്ക് പിന്തുണ അറിയിച്ചിരുന്നതായി എഐഎംടിസി പ്രസിഡന്റ് കുൽതരൺ സിംഗ് പിടിയോട് പ്രതികരിച്ചു. കർഷകരുടെ പ്രശ്നം സർക്കാർ ശരിയായ രീതിയിൽ പരിഗണിച്ചില്ലെങ്കിൽ ഉത്തരേന്ത്യയിൽ നിന്നുള്ള പ്രവർത്തനം നിർത്തിവെക്കുമെന്നും രാജ്യവ്യാപകമായി പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനകം ഉത്തരേന്ത്യയിൽ നിന്നുള്ള ചരക്കുലോറികളുടെ സർവീസ് നിർത്തിവെച്ചതായും ഡിസംബർ എട്ട് മുതൽ ഇത് രാജ്യവ്യാപകമാക്കുമെന്നും സംഘടനയുടെ കോർ കമ്മറ്റി ചെയർമാൻ ബാൽ മൽകിത് സിംഗ് വ്യക്തമാക്കി.
