റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ നാളെ മുതൽ
ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 വ്യാഴം മുതൽ 26 ഞായർ വരെ ഹെന്നൂർ – ബാഗലൂർ റോഡിൽ ഗധലഹള്ളി സെന്റ് മൈക്കിൾസ് സ്കൂളിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ സെന്ററിൽ നടക്കും.
കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലി ഉണ്ടായിരിക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 9 ന് കർണാടകയിൽ ഗോകുല, ഫ്രാസർ ടൗൺ, യെലഹങ്ക, ബെല്ലാരി, തുംകൂർ, ചിക്കമംഗളൂർ, ഹൂബ്ലി, മൈസൂർ, ഉഡുപ്പി, ഇച്ചിലംപാടി, മംഗളൂരു, ഗോവയിലെ പഞ്ചിം, വെർനാ, ആന്ധ്രാപ്രദേശിലെ ഗുന്റകല്‍ തമിഴ്നാട്ടിലെ ഹൊസൂർ തുടങ്ങിയ ബെംഗളൂരു സെന്ററിലെ 46 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
