മാർ ജോസഫ് പൗവ്വത്തിൽ കാലം ചെയ്തു
ചങ്ങനാശേരി: ചങ്ങനാശേരി ആർച്ച് ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവ്വത്തിൽ (92) കാലം ചെയ്തു. ചങ്ങനാശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.17ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.
കേരള സഭയുടെ ഉറച്ചശബ്ദവും ഇന്‍റർ ചർച്ച് കൗൺസിലിന്‍റെ ഉപജ്ഞാതാവും വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ. സിബിസിഐയുടെയും കെസിബിസിയുടെയും മുൻ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1962 മുതൽ ഒരുദശാബ്ദക്കാലം ചങ്ങനാശേരി എസ്ബി കോളജിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹം.
1985 നവംബർ അഞ്ചിന് ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. 2007ല്‍ അതിരൂപത ഭരണത്തില്‍ നിന്ന് വിരമിച്ചു.
ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തൽ പള്ളിയിൽ നടക്കും. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
