എരുമേലി വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി: ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: നിർദിഷ്ട എരുമേലി വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ലോക്സഭയിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.മധുര വിമാനത്താവളം ഉൾപ്പെടെ നിർദിഷ്ട വിമാനത്താവളത്തിൽനിന്ന് 150 കിലോമീറ്ററിനുള്ളിൽ നിലവിലുള്ള എല്ലാ സിവിൽ എയർപോർട്ടുകളുടെയും ആഘാത വിലയിരുത്തൽ നടത്താനും മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി ഇംപാക്റ്റ് ഡേറ്റ പരിശോധിക്കാനും വ്യോമയാന വകുപ്പ് അഭ്യർഥിച്ചിട്ടുണ്ട്. പദ്ധതിപ്രദേശത്തു പരിസ്ഥിതി ആഘാത വിലയിരുത്തൽ പഠനം നടത്തുന്ന പ്രക്രിയയിലാണെന്നും മന്ത്രി അറിയിച്ചു.
എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങളെ പെരിയാർ കടുവ സങ്കേതത്തിൽനിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാറിൽനിന്നും നിർദേശം ലഭിച്ചാൽ പരിഗണിക്കുമെന്ന് പരിസ്ഥിതി, വനം മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു. എരുമേലി ശബരിമല വിമാനത്താവളത്തിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി നൽകിയ ചോദ്യത്തിനാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി.
