സി. ബി. എസ്. സി ഭാരത് സഹോദയ വെബിനാർ
അടുത്ത മാസം തുടങ്ങുന്ന സി. ബി. എസ്. സി പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ തയാറെടുപ്പുകളുടെ ഭാഗമായി ഭാരത് സഹോദയ സ്കൂൾ കോംപ്ലക്സ് കോമേഴ്‌സ് ഗ്രൂപ്പ് അധ്യാപകർക്കും വിദ്യാർഥികൾക്കുമായി വെബിനാർ നടത്തി. \’പ്ലസ് ടു എക്കണോമിക്സ് പരീക്ഷക്കു എങ്ങനെ തയാറെടുക്കണം\’ എന്നതായിരുന്നു വെബിനാർ വിഷയം. യൂ. എ .ഇ ഫുജൈറ ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ കോമേഴ്‌സ് ഹെഡ് ഓഫ് ദി ഡിപ്പാർമെന്റും, ഭാരത് സഹോദയ റിസോഴ്‌സ് പേഴ്‌സനുമായ ഡഗ്ളസ് ജോസഫ് ക്ലാസ്സെടുത്തു.
പരീക്ഷക്ക് തയാറെടുക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് നല്ലവണ്ണം ഉത്തരങ്ങൾ എഴുതുന്നതെന്നും അതിനായി പ്രത്യേക പരിശീലനം നൽകുക എന്നതാണ് വെബ്ബിനാറിന്റെ ലക്ഷ്യമെന്നും ഡഗ്ളസ് പറഞ്ഞു. സാമ്പത്തിക ശാസ്ത്ര പരീക്ഷക്ക് മുൻഗണന നൽകേണ്ട പാഠഭാഗങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു
സി. ബി. എസ്. സി ഭാരത് സഹോദയ ജനറൽ സെക്രെട്ടറിയും, തിരുവനന്തപുരം ഓക്‌സ്‌ഫോർഡ് സ്കൂൾ പ്രിൻസിപ്പലുമായ ഡോ. അബ്ദുൾ സലാം ആമുഖ സന്ദേശം നൽകി. ഭാരത് സഹോദയ രക്ഷാധികാരി ഡോ. ജയന്തി ആശംസ പ്രസംഗം നടത്തി. എസ്. എൻ,ബി.പി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് പ്രിൻസിപ്പലായ ആഭ സിംഗ് മോഡറേറ്ററായിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും സി. ബി. എസ്. സി സ്കൂളുകളിൽനിന്നും നൂറുകണക്കിന് അധ്യാപകരും വിദ്യാർഥികളും വെബിനാറിൽ പങ്കെടുത്തു.
