Ultimate magazine theme for WordPress.

രാജ്യപുരോഗതിക്കായുള്ള ക്രൈസ്തവ സംഭാവനകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ ? കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർല

കൊൽക്കത്ത: രാജ്യപുരോഗതിക്കു വലിയ സംഭാവനകൾ നൽകിയ ക്രൈസ്തവ സമൂഹത്തിന് അവഗണന മാത്രമാണു പ്രതിഫലമെന്നു പശ്ചിമ ബംഗാളിലെ അലിപുർദുവാറിൽ നിന്നുള്ള കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർല. ക്രൈസ്തവർ മതപരിവർത്തനത്തിനു ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കൊൽക്കത്തയിൽ സംഘടിപ്പിച്ച സമാധാന റാലിയിൽ അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സേവനമേഖലകളിലെ വിലപ്പെട്ട സംഭാവനകൾക്ക് അർഹമായ പരിഗണന ക്രൈസ്തവ സമൂഹത്തിനു ലഭിക്കുന്നില്ല. രാജ്യത്തെല്ലായിടത്തും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ന്യൂനപക്ഷകാര്യ മന്ത്രിയായപ്പോൾ മുതൽ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ രാജ്യത്തിന് നമ്മുടെ സംഭാവന എന്താണെന്ന് ഞാൻ ചിന്തിച്ചിരുന്നുവെന്ന് ബർല പറഞ്ഞു. നമ്മൾ എന്താണ് നൽകിയത്, പ്രതിഫലമായി നമുക്ക് എന്താണ് ലഭിച്ചത്? സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും. നമ്മുടെ സംഭാവനകൾക്ക് നാം അംഗീകരിക്കപ്പെട്ടിട്ടുണ്ടോ? സർക്കാർ സ്ഥാപനങ്ങൾ ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ പോലും ക്രിസ്ത്യൻ സ്‌കൂളുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധി മുതൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ്ഖാൻ വരെ ഇത്തരം സ്കൂളുകളിലാണ് വിദ്യാഭ്യാസം നേടിയത്. ആരോഗ്യകേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സംഭാവനകൾ വേറെയും. എന്നിട്ടും മതംമാറ്റുന്നവരെന്ന ആരോപണമാണ് സമുദായത്തിന് അഭിമുഖീകരിക്കേണ്ടിവരുന്നത്. ഞങ്ങൾക്ക് സമാധാനമല്ലാതെ മറ്റൊന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഒന്നിക്കാനുള്ള സമയമാണ്. ഛത്തീസ്ഗഢിലെപ്പോലെ ക്രൈസ്തവർ അനീതി നേരിടരുതെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ നാരായൺപൂർ പട്ടണത്തിൽ മതപരിവർത്തനം ആരോപിച്ച് ആദിവാസികൾ നടത്തിയ പ്രതിഷേധത്തിനിടെ ഒരു പള്ളി തകർക്കുകയും ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പോലീസുകാർക്ക് ആക്രമണം ഉണ്ടാകുകയും പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തിനു ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ പൊതുസമൂഹത്തിനു മുന്നിലെത്തിക്കാൻ സമാധാനറാലികൾ രാജ്യമെമ്പാടും നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

Leave A Reply

Your email address will not be published.