“ദൈവമാണ് എന്റെ ശക്തി”: ക്രൊയേഷ്യന്‍ കോച്ചിന്റെ സാക്ഷ്യം
ദോഹ: ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്ന ക്രൊയേഷ്യന്‍ ഫുട്ബോള്‍ ടീമിന്റെ കോച്ചായ സ്ലാട്കോ ഡാലിച്ചിന്റെ ക്രൈസ്തവ സാക്ഷ്യം വീണ്ടും ശ്രദ്ധ നേടുന്നു. നിലവിലെ ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടറായ സ്ലാട്കോ ഡാലിച്ച് തന്റെ ക്രിസ്തീയ വിശ്വാസം തുറന്നു കാണിക്കുന്ന വാക്കുകളാണ് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. 2018-ലെ ലോകകപ്പില്‍ ക്രൊയേഷ്യന്‍ ടീം ഫൈനലില്‍ എത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള ആളാണ് സ്ലാട്കോ ഡാലിച്ച്. ക്രൈസ്തവ വിശ്വാസമാണ് തന്റെ വിജയ കാരണമെന്നു ഡാലിച്ച് പറയുന്നു. ഒരു വ്യക്തി ശാന്തനാവുകയും, അവന്‍ തീരുമാനമെടുക്കുന്നതില്‍ തനിച്ചാവുകയും ചെയ്യുമ്പോള്‍ അവന്‍ ദൈവത്തിന്റെ സഹായം തേടുകയാണെന്നും ഡാലിച്ച് ആരാഞ്ഞു. താന്‍ എല്ലാ ദിവസവും ദൈവത്തിന് നന്ദി പറയാറുണ്ടെന്ന് പറഞ്ഞ ഡാലിച്ച്, ദൈവമാണ് തനിക്ക് വിശ്വാസവും, ശക്തിയും തന്നതെന്നും, ജീവിതത്തില്‍ എന്തെങ്കിലും ചെയ്യുവാനുള്ള അവസരവും ദൈവം തനിക്ക് തന്നുവെന്നും, തന്നേയും തന്റെ കുടുംബത്തേയും സംബന്ധിച്ചിടത്തോളം വിശ്വാസം പരമപ്രധാനമാണെന്നും ഡാലിച്ച് പറഞ്ഞു.
