എലിസബത്ത് ഹോംസിന് 11 വർഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചു
വാഷിംഗ്ടൺ: ഇപ്പോൾ പ്രവർത്തനരഹിതമായ രക്തപരിശോധനാ സ്റ്റാർട്ടപ്പിലെ നിക്ഷേപകരെ വഞ്ചിച്ച കുറ്റത്തിന് 11 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ച് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരി. സിലിക്കണ്‍വാലിയിലെ സ്റ്റാര്‍ട്ട് അപ്പായിരുന്ന തെറാനോസിന്‍റെ സ്ഥാപകയും സിഇഒയും ആയിരുന്ന എലിസബത്ത് ഹോംസിനാണ് 38ാം വയസില്‍ 11 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാന്‍ ജോസിലെ കോടതി എലിസബത്തിന് ശിക്ഷ വിധിച്ചത്. 15 വര്‍ഷത്തെ ശിക്ഷയാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എലിസബത്ത് ഗര്‍ഭിണിയാണെന്ന കാരണത്താല്‍ അത് 135 മാസത്തെ ശിക്ഷയാക്കുകയായിരുന്നു. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ടെക് തട്ടിപ്പിനാണ് അടുത്ത സ്റ്റീവ് ജോബ്സ് എന്ന് വരെ പേര് കേട്ട എലിസബത്ത് ശിക്ഷിക്കപ്പെടുന്നത്.
