തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ടെത്തിയ ക്രൈസ്തവരെ സംരക്ഷിക്കണമെന്ന ആവശ്യവുമായി സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ
വാഷിംഗ്ടണ്‍ ഡിസി: ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന കടുത്ത പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ കോംഗോ പൗരന്‍മാരായ ക്രൈസ്തവര്‍ക്കു വര്‍ക്ക് പെര്‍മിറ്റോടെ ഇവര്‍ക്ക് താല്‍ക്കാലിക സംരക്ഷിത പദവി നല്‍കണമെന്നാണ് ആവശ്യവുമായി സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി അലെജാണ്ട്രോ മയോക്കാസിന് കത്തയച്ചു . കിഴക്കന്‍ കോംഗോയിലെ ക്രൈസ്തവര്‍ രാജ്യത്തിന്റെ കിവു പ്രവിശ്യയുടെ ഉഗാണ്ടയുമായി അതിര്‍ത്തി പങ്കിടുന്ന വടക്ക്-കിഴക്കന്‍ ഭാഗത്ത് സജീവമായ ‘അല്ലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്’ പോലെയുള്ള ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ മതപീഡനത്തിന് ഇരയാകുന്നുണ്ടെന്നു സന്നദ്ധ സംഘടനായ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ ചൂണ്ടിക്കാട്ടി. കോംഗോ സര്‍ക്കാര്‍ തീവ്രവാദി സംഘടനകള്‍ക്കെതിരെ പോരാടുന്നുണ്ടെങ്കിലും ക്രിസ്ത്യന്‍ സമൂഹത്തിന്റെ കാര്യത്തില്‍ ആരുംതന്നെ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നും സംഘടന പറഞ്ഞു. 2021 ജനുവരിക്കും 2022 ജനുവരിക്കും ഇടയില്‍ ഏതാണ്ട് ആയിരത്തിമുന്നൂറോളം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, എല്‍ സാല്‍വഡോര്‍, ഹെയ്തി, ഹോണ്ടുറാസ്, നിക്കരാഗ്വേ, സൊമാലിയ, തെക്കന്‍ സുഡാന്‍, സുഡാന്‍, സിറിയ, ഉക്രൈന്‍, വെനിസ്വേല, യെമെന്‍ തുടങ്ങി സ്വന്തം രാജ്യത്തേക്ക് തിരികെപ്പോകുന്നത് സുരക്ഷിതമല്ലാത്ത പന്ത്രണ്ടിലധികം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നല്‍കുന്നതാണ് ടി.പി.എസ്.
