ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി
ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റായി പാസ്റ്റർ ആർ. ഏബ്രഹാം ചുമതലയേറ്റു. പാസ്റ്റർ വി.എ തമ്പിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റ് ചുമതലയേറ്റത്. കഴിഞ്ഞ 46 വർഷമായി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് വരുന്ന പാസ്റ്റർ ആർ. ഏബ്രഹാം പവ്വർ വിഷൻ റ്റി.വി മാനേജിംഗ് ഡയറക്ടറാണ്. ജനറൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തമ്പി ചുമതലയേറ്റു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വിഷൻ റെസ്ക്യൂവിൻ്റെ പ്രസിഡൻ്റായ പാസ്റ്റർ ബിജു തമ്പി പാസ്റ്റർ വി. എ തമ്പിയുടെ മൂത്ത മകനാണ്. വൈസ് പ്രസിഡൻ്റായി പാസ്റ്റർ റ്റി.റ്റി ഏബ്രഹാം (മുംബൈ) ചുമതലയേറ്റു. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ആദ്യ സഭകളിൽ ഒന്നായ തൈമറവുംകര സഭയിൽ നിന്നും ആദ്യമായി സുവിശേഷവേലയ്ക്ക് ഇറങ്ങിയ കർത്തൃദാസൻ കഴിഞ്ഞ അൻപതിൽ പരം വർഷങ്ങളായി ദൈവവേലയിലായിരിക്കുന്നു. കഴിഞ്ഞ 35 വർഷങ്ങളായി മുംബൈ വിക്രോളി സഭാശുശ്രൂഷകനാണ്. ജനറൽ ട്രഷറാറായി ചുമതലയേറ്റ പാസ്റ്റർ നൂറുദ്ദീൻ മുള്ള 1985 മുതൽ സഭാശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്നു. അനുഗ്രഹീത പ്രസംഗകനായ കർത്തൃദാസൻ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് പ്രസിഡൻ്റും ബൽഗാം സഭാ സീനിയർ ശുശ്രൂഷകനുമാണ്. സെപ്റ്റംബർ 29ന് ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ കൂടിയ നാഷണൽ എക്സിക്യൂട്ടീവ് മീറ്റിംഗിൽ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ റ്റി.എം കുരുവിള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
