മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങളെ പുറത്താക്കി ; ഏഴു പേർ ഇന്ത്യക്കാർ
നിക്കരാഗ്വ : അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ നിന്ന് മിഷനറീസ് ഓഫ് ചാരിറ്റിയിലെ 18 അംഗങ്ങളെ പുറത്താക്കി പ്രസിഡന്റ് ഡാനിയേൽ ഓർട്ടെഗയുടെ നേതൃത്വത്തിലുള്ള സർക്കാർ. പുറത്താക്കിയവരിൽ ഏഴു പേർ ഇന്ത്യക്കാരും മറ്റുള്ളവർ ഫിലിപ്പിനോ,മെക്സിക്കോ,ഗ്വാട്ടിമാ,നിക്കരാഗ്വ, സ്പെയ്ൻ,ഇക്വഡോറിയ,വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രണ്ടുപേർ വീതവുമാണ്.
ബസിൽ സന്യാസിനിമാരെ അതിർത്തിയിലെത്തിച്ചതിന് ശേഷം കാൽനടയായി അയൽരാജ്യമായ കോസ്റ്റാറിക്കയിലേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുറത്താക്കപ്പെട്ട ഈ സന്യാസിനിമാരെ കോസ്റ്റാറിക്കയിലെ തിലാറൻ ലിബേറിയ രൂപത ബിഷപ് മാനുവൽ യൂജിനോയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഈ സന്യാസിനിമാർ തങ്ങളുടെ രൂപതയ്ക്ക് വലിയൊരു മുതൽക്കൂട്ടാണെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. കത്തോലിക്കാ സഭയ്ക്കെതിരെയുള്ള പ്രസിഡന്റ് ഒർട്ടേഗയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും പുതിയതാണ് മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളെ പുറത്താക്കിയത്.
