കേരള എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 346 കേന്ദ്രങ്ങളില്‍ നടക്കും
തിരുവനന്തപുരം: കേരളത്തിനു പുറത്ത് മുംബൈ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലാണ് പരീക്ഷ. 1,22,083 പേരാണ് പരീക്ഷ എഴുതുന്നത്. കൂടുതല്‍ പേര് പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ് -13,824. രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് 2.30 മുതല്‍ വൈകീട്ട് അഞ്ചുവരെ പേപ്പര്‍ രണ്ട് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും. ഫാര്‍മസി കോഴ്സിലേക്ക് മാത്രം അപേക്ഷിച്ച വിദ്യാര്‍ഥികള്‍ രാവിലെ നടക്കുന്ന പേപ്പര്‍ ഒന്ന് പരീക്ഷ മാത്രം എഴുതിയാല്‍ മതി. വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡിന് പുറമെ, ഫോട്ടോയുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകൂടി കരുതണം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളാണ് പരീക്ഷകേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷകേന്ദ്രങ്ങളായ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ. മെഡിക്കല്‍/ഡെന്റല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി ജൂലൈ 17നാണ് നടക്കുന്നത്.
