നമുക്ക് നമ്മളാകാം
✍️ പാസ്റ്റർ ജസ്റ്റിൻ ജോർജ് കായംകുളം
കള്ളം പറഞ്ഞും അഭിനയിച്ചും ആത്മീയരെന്നു തോന്നിപ്പിച്ചു കെട്ടിപ്പൊക്കുന്ന എല്ലാ ഉയർച്ചകളും ദൈവം ഒരിക്കൽ തകർക്കും.നാളുകൾ കൊണ്ട് കെട്ടിപ്പൊക്കിയത് നിമിഷങ്ങൾ കൊണ്ട് തകർന്നടിയും.
ഒരു പക്ഷെ വേദികളും ശുശ്രുഷകളും ഒക്കെ ലഭിക്കുവാനും,നന്മകൾ പ്രാപിക്കാനും,താൽക്കാലികമായി മനോഹാരിതയിൽ തിളങ്ങി നിൽക്കുവാനുമൊക്കെ കഴിഞ്ഞേക്കാം.
എന്നാൽ ഉടയവൻ രേഖകൾ പരിശോധിക്കുമ്പോൾ കപടതയും ആത്മീയ മുഖം മൂടിയും പ്രശസ്തിയും ഒക്കെ ശേഷിപ്പ് പോലും ഇല്ലാതെ തകർന്നു വീഴും.
നമുക്കൊരു പേരുണ്ടാക്കാം എന്ന് പറഞ്ഞ് കെട്ടിപ്പൊക്കിയ ബാബേൽ ഒരു മുന്നറിയിപ്പായി അവശേഷിക്കുന്നു..
എന്നാൽ യെരുശലേമിന്റെ മതിലുകൾ ഇടിഞ്ഞും,തീ വെന്തും കിടക്കുന്നു എന്നറിഞ്ഞപ്പോൾ ഉപവസിച്ചു കരഞ്ഞു, തന്നെത്തന്നെ താഴ്ത്തി, വാഗ്‌ദത്തങ്ങൾ ഏറ്റു പറഞ്ഞ് പ്രാർത്ഥിച്ചപ്പോൾ നെഹമ്യാവിനും കൂട്ടാളികൾക്കും പരിഹാസത്തിന്റെയും,നിന്ദയുടെയും, ആക്രമണങ്ങളുടെയും നടുവിൽ പണി പൂർത്തീകരിക്കാൻ കഴിഞ്ഞു.
നമുക്ക് നമ്മളാകാം, പ്രവർത്തനങ്ങൾ ആത്മാർത്ഥതയും സത്യസന്ധവും ആയി തീരട്ടെ..നാഥന്റെ നാമം ഉയരുന്നതിനപ്പുറം നമ്മുടെ സ്വയം ഉയരാതിരിക്കട്ടെ.അങ്ങനെഎങ്കിൽ ആർക്കും നമ്മെ തകർക്കുവാൻ കഴിയുകയില്ല.ദൈവം നമ്മുടെ രഹസ്യവും പരസ്യവും പരിശോധിച്ചു തൂക്കി നോക്കുമ്പോൾ കുറവുകൾ ഇല്ലാത്തവരായി ദൈവസന്നിധിയിൽ തലയുയർത്തി നിൽക്കാൻ കഴിയട്ടെ.
