നിങ്ങൾ വർക്കഹോളിക് ആണോ?
ബ്ലസിൻ ജോൺ മലയിൽ
ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ജോലിയെ കുറിച്ച് സംസാരിക്കാനാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്?
– അവധിസമയത്തും രാത്രി വൈകിയും എന്നും എപ്പോഴും ഔദ്യാഗിക ജീവിതം നയിക്കാൻ ഇഷ്ടപ്പെടുകയാണോ നിങ്ങൾ?
– ദിവസവും കമ്പിനി ആവശ്യപ്പെടുന്നതിനെക്കാൾ കൂടുതൽ സമയം ജോലിയിൽ ചെലവിടുന്നത് നല്ലതാണെന്ന് ചിന്തിക്കുന്നുണ്ടോ?
– ജോലി ഒഴികെയുള്ള മറ്റു വിഷയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങൾക്ക് പെട്ടെന്ന് ദേഷ്യം വരാറുണ്ടോ?
– ജീവിതത്തിൻ്റെ ഊർജ്ജസ്വലത നിലനിർത്താനായി മറ്റു വിനോദ കാര്യങ്ങൾക്കു വേണ്ടി തീരെ സമയം മാറ്റിവെക്കാറില്ലേ?
– കുടുംബ ബന്ധങ്ങൾക്ക് എത്ര സമയം നീക്കിവെക്കാറുണ്ട്?
ദീർഘനേരം അതിനായി ചെലവഴിക്കുന്നത് നിങ്ങളുടെ മനസിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടോ?
എങ്കിൽ ഈ ദിനം നിങ്ങളുടെതാണ്. ഊണും ഉറക്കവും ഉപേക്ഷിച്ച് ജോലിക്ക് വേണ്ടി മാത്രം ജീവിക്കുന്നവരുടെ ദിനമാണ് നാഷണൽ വർക്കഹോളിക് ഡേ!
ജിവൻ്റെ നിലനിൽപ്പിന് തൊഴിൽ ആവശ്യമാണെങ്കിലും ജോലിയും കുടുംബവും തമ്മിലുള്ള ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്താനായില്ലെങ്കിൽ? അതിനായില്ലെങ്കിൽ, മദ്യം മയക്കുമരുന്ന് ഉൾപ്പെടെയുള്ള ആസക്തികളെ പോലെ വർക്കഹോളിസവും നമ്മുടെ ആരോഗ്യത്തെയും ജീവിതത്തെയും കുടുംബത്തെയും ഒടുവിൽ ജോലി ചെയ്ത കമ്പിനിയുടെ അടിത്തറയെയും ബാധിക്കും.
നിങ്ങൾ സ്വയം ഒരു വർക്കഹോളിക് ആണെന്ന് തോന്നുന്നെങ്കിൽ ഇപ്പോൾ തന്നെ കൃത്യമായ ഒരു സമയവിവരപട്ടിക തയ്യാറാക്കുക – ഉറങ്ങാനും പുസ്തകം വായിക്കാനും യു ട്യൂബിൽ വീഡിയോകൾ കാണാനും സമയം കണ്ടെത്തുക.
ഇന്നത്തെ ജോലി മാത്രം ഇന്ന് ചെയ്യുക. നാളത്തെ ജോലി പൂർത്തിയാക്കാൻ നാളെയും ധാരാളം സമയമുണ്ടെന്ന് ഓർക്കുക.മറ്റുള്ളവരുമായി സമയം ചെലവഴിക്കുക – അവരെ പ്രൊത്സാഹിപ്പിക്കുക!
ഇനി സ്വന്തം ജോലി ക്യത്യമായി ചെയ്യുന്നതിൽ തീർത്തും പരാജയപ്പെട്ടിരിക്കുന്ന വ്യക്തിയാണോ നിങ്ങൾ?പതിവിലും അല്പം മുമ്പേ ഓഫീസിലെത്തി നിങ്ങൾ ഒഴിവാക്കുന്ന ഒരു പ്രോജക്റ്റ് കൈകാര്യം ചെയ്തും ഈ ഹോളിക് ഡേ വിജയിപ്പിക്കാനാകും!
