കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഗാർഹിക പീഡനത്തിന് നിയമസാധുത നൽകിക്കൊണ്ട് താലിബാൻ ഭരണകൂടം പുതിയ പീനൽ കോഡ് പുറത്തിറക്കി. ഭർത്താവിനോ കുടുംബാംഗങ്ങൾക്കോ സ്ത്രീകളെ ശാരീരികമായി ശിക്ഷിക്കാൻ ഇത് അനുമതി നൽകുന്നു. ഭാര്യയെ തല്ലാൻ അനുവാദമുണ്ടെങ്കിലും എല്ലുകൾ ഒടിയുന്ന തരത്തിലോ മാരകമായ മുറിവുകൾ ഉണ്ടാക്കുന്ന തരത്തിലോ ആകരുത് എന്ന വിചിത്രമായ നിബന്ധനയും ഇതിലുണ്ട്.
സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്മേൽ കടുത്ത നിയന്ത്രണങ്ങളാണ് പുതിയ നിയമം ഏർപ്പെടുത്തിയിരിക്കുന്നത്. ഭർത്താവിന്റെ അനുവാദമില്ലാതെ സ്ത്രീകൾ മറ്റ് വീടുകൾ സന്ദർശിക്കുന്നത് കുറ്റകരമാക്കി മാറ്റി. അയൽപക്കങ്ങളിലോ ബന്ധുവീടുകളിലോ പോകുന്നതിന് പോലും കർശനമായ വിലക്കുകൾ ഏർപ്പെടുത്തിയതോടെ അഫ്ഗാൻ സ്ത്രീകൾ വീടിനുള്ളിൽ പൂർണ്ണമായും ഒറ്റപ്പെടുന്ന അവസ്ഥയിലായി.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ക്രിമിനൽ കുറ്റമല്ലാതാക്കിയതോടെ അവർക്ക് ലഭിച്ചിരുന്ന നിയമപരമായ സംരക്ഷണം ഇല്ലാതായി. പരാതി നൽകാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട ഈ പരിഷ്കാരം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് അഫ്ഗാനിൽ നടക്കുന്നത് എന്ന് ആംനസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.

Comments are closed.