Ultimate magazine theme for WordPress.

മോസ്കോയിലെ ഏക ആംഗ്ലിക്കൻ പള്ളിയിൽ ആരാധന നിർത്തിവെച്ചു; ഭരണനിയന്ത്രണത്തെച്ചൊല്ലി തർക്കം

റഷ്യയിലെ മോസ്കോയിലുള്ള ഏക ഔദ്യോഗിക ആംഗ്ലിക്കൻ ആരാധനാലയമായ സെന്റ് ആൻഡ്രൂസ് ചർച്ച് ആഭ്യന്തര തർക്കത്തെത്തുടർന്ന് താൽക്കാലികമായി അടച്ചു. പള്ളിയുടെ ഭരണനിയന്ത്രണവും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സഭയ്ക്കുള്ളിൽ ഉണ്ടായ തർക്കമാണ് ആരാധനകൾ നിർത്തിവെക്കാൻ കാരണമായത്. റഷ്യൻ നിയമപ്രകാരം ശുശ്രൂഷകൾ നടത്താൻ അധികാരപ്പെട്ട വ്യക്തികളുടെ അഭാവം മൂലമാണ് സേവനങ്ങൾ റദ്ദാക്കിയതെന്ന് പള്ളി അധികൃതർ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

പള്ളിയുടെ ഭരണപരമായ കാര്യങ്ങൾ ഒരു വിഭാഗം നിയമവിരുദ്ധമായി കൈക്കലാക്കിയെന്ന് 2024 ഡിസംബറിൽ നിയമിതനായ ഇന്ത്യൻ വംശജൻ റവ. കാനൻ അരുൺ ജോൺ ആരോപിച്ചു. ഇതിന് പിന്നാലെയാണ് പള്ളി ഭരണസമിതി കടുത്ത നിലപാടുമായി രംഗത്തെത്തിയത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കീഴിലുള്ള ‘ഡയോസിസ് ഇൻ യൂറോപ്പ്’ ഉൾപ്പെടെയുള്ള വിദേശ മതസംഘടനകൾക്ക് റഷ്യയിലെ മതസംഘടനകളെ നിയന്ത്രിക്കാനോ റഷ്യൻ മണ്ണിൽ മതപരമായ പ്രവർത്തനങ്ങൾ നടത്താനോ അധികാരമില്ലെന്ന് പള്ളി അധികൃതർ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ വിദേശ സംഘടനകളുടെ നിർദ്ദേശപ്രകാരം പള്ളിയിൽ ആരാധന നടത്തുന്നത് റഷ്യൻ നിയമങ്ങളുടെ ലംഘനമാകുമെന്ന് പള്ളി നേതൃത്വം മുന്നറിയിപ്പ് നൽകുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടുമായി പള്ളിക്ക് ദീർഘകാലമായുള്ള ബന്ധമുണ്ടെങ്കിലും, പ്രാദേശികമായ രജിസ്ട്രേഷൻ നിയമങ്ങളും അധികാര തർക്കവുമാണ് ഇപ്പോൾ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. തർക്കം പരിഹരിക്കുന്നത് വരെ വരും ആഴ്ചകളിൽ പള്ളിയിൽ പ്രാർത്ഥനകൾ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

Sharjah city AG

Comments are closed.