വാഷിംഗ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭയിലെ ഹിയറിംഗിനിടെ ഉന്നത ഉദ്യോഗസ്ഥന്റെ ക്രൈസ്തവ വിശ്വാസത്തെ പരിഹസിക്കുകയും ആത്മീയമായ വിധിന്യായത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്ത ഡെമോക്രാറ്റിക് അംഗം ലാമോണിക്ക മക്ഐവറുടെ നടപടി വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഐ.സി.ഇ ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസിനെതിരെയാണ് സഭയിലെ മാന്യതയ്ക്ക് നിരക്കാത്ത പരാമർശങ്ങൾ ഉണ്ടായത്.
ഇമിഗ്രേഷൻ നയങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ടോഡ് ലിയോൺസിനോട് അദ്ദേഹം ഒരു വിശ്വാസിയാണോ എന്ന് മക്ഐവർ ചോദിച്ചു. താൻ ഒരു വിശ്വാസിയാണെന്ന് അദ്ദേഹം മറുപടി നൽകിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നിങ്ങളുടെ കൈകളിൽ ഇത്രയധികം രക്തം പുരണ്ടിരിക്കെ വിധിദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കും എന്ന് മക്ഐവർ പരിഹാസരൂപേണ ചോദിച്ചു. തുടർന്ന് മിസ്റ്റർ ലിയോൺസ് നിങ്ങൾ നരകത്തിൽ പോകുമെന്ന് കരുതുന്നുണ്ടോ എന്നും അവർ ആവർത്തിച്ചു.
ഒരാളുടെ ഔദ്യോഗിക പദവിയെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്നതിന് പകരം അയാളുടെ വിശ്വാസത്തെയും നിത്യരക്ഷയെയും പരസ്യമായി അധിക്ഷേപിച്ചത് ക്രൈസ്തവ സമൂഹത്തിനിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. ലിയോൺസ് ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിസമ്മതിച്ചു.

Comments are closed.