പെന്തകോസ്ത് വിരുദ്ധ വാർത്തകൾ നിരന്തരം ബ്രേക്ക് ചെയ്യുന്നത് ചാനലുകളുടെ ഒരു പ്രതിസന്ധിയാണ്.
പെന്തകോസ്ത് സഭകൾ കടുത്ത പ്രതിസന്ധിയിൽ എന്ന തലക്കെട്ടിൽ ന്യൂസ് മലയാളം 24×7 ചാനലിൽ സംപ്രേഷണം ചെയ്ത വാർത്ത വാസ്തവ വിരുദ്ധമാണ്.
ആധികാരികമല്ലാത്ത വാർത്തകൾ നിരന്തരം പുറത്ത് വിടുന്നത് സത്യാനന്തര കാലത്തെ വൃത്തികെട്ട മാധ്യമ ധർമ്മമാണ്.
വിദേശ ഫണ്ട് സ്വീകരിക്കണമെങ്കിൽ പെന്തകോസ്ത് സഭകൾ എപ്പിസ്ക്കോപ്പൽ സഭകൾ ആകണമെന്ന നിയമം പുതുതായി നിർമ്മിച്ചു എന്നതാണ് വാർത്ത. ആയതിനാൽ ബിലിവേഴ്‌സ് ചർച്ച് മോഡലിൽ പെന്തകോസ്ത് സഭകൾ എപ്പിസ്കോപ്പസിയിലേക്ക് ചുവട് മാറ്റുന്നുവെന്നും പണം നൽകി മെത്രാൻ സ്ഥാനം വാങ്ങാൻ ശ്രമിക്കുന്നുവെന്നും പണമില്ലാത്തവർ സ്വയം പ്രഖ്യാപിത മെത്രാപ്പോലീത്തയായി മാറാൻ ശ്രമിക്കുന്നുവെന്നുമാണ് വാർത്ത.
ഇന്ത്യയിലെ പെന്തകോസ്ത് നേതൃത്വം ഇതുവരെ അറിയാത്ത പച്ചക്കള്ളമാണ് ചാനൽ പ്രചരിപ്പിക്കുന്നത്.
ഹിസ്റ്റോറിക്കൽ എപ്പിസ്കോപ്പസിയെ ക്കുറിച്ചുള്ള പെന്തകോസ്ത് സഭകളുടെ നിലപാട് ദൈവശാസ്ത്രപരമാണ്. ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെട്ട സഭയുടെ പൗരോഹിത്യത്തിലാണ് പെന്തകോസ്ത് സഭകൾ വിശ്വസിക്കുന്നത്. കൈവയ്പ്പിലൂടെ കൈമാറുന്നത് ദൈവശാസ്ത്രവും അപ്പോസ്തലിക ഉപദേശങ്ങളുമാണ്. വ്യക്തികളിൽ ദൈവം പകർന്നിരിക്കുന്ന അധികാരവും ശുശ്രൂഷയും നിയോഗവും പൊതു സഭയ്ക്ക് ബോധ്യപ്പെടുമ്പോൾ സഭ അത് അംഗീകരിക്കുന്ന രീതിയാണ് കൈവയ്പ്പ്. സഭയുടെ അധ്യക്ഷ നിരകളെ ബൈബിൾ നിർവ്വചിച്ചിട്ടുണ്ട്.
ഇന്ന് ലോകത്തെമ്പാടും സാവദേശീയമായി വളരുന്ന മുന്നേറ്റമാണ് പെന്തകോസ്ത് സഭകൾ. ഇന്ത്യയിൽ ഒരു നൂറ്റാണ്ട് പിന്നിട്ട ഈ സഭ ഇതര പട്ടത്വ സഭകളിൽ നിന്നും സിദ്ധാന്തത്തിലും പ്രയോഗത്തിലും വ്യത്യസ്തമായ ദർശനപാത സ്വീകരിച്ചിട്ടുള്ള സഭയാണ്.
ഇന്ത്യയിലെ പെന്തകോസ്ത് സഭകളുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള ഒരാലോചന നടന്നിട്ടില്ല. അങ്ങനെയൊരു ആശങ്കയും സഭകൾക്കില്ല. ഇല്ലാത്ത വാർത്ത പടച്ചു വിടുന്നത് വാർത്താ ദാരിദ്ര്യം കൊണ്ടാണ്.
ഒരു സംഘടനയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കണമെങ്കിൽ രാജ്യത്ത് അതിൻ്റെ നിയമം ഉണ്ട്. അതിന് എപ്പിസ്ക്കോപ്പൽ ചർച്ച് ആകണമെന്ന കണ്ടുപിടുത്തം ശുദ്ധ വിവരക്കേടാണ്. രാജ്യത്തിൻ്റെ ആഭ്യന്തര വകുപ്പിൻ്റെ കീഴിൽ നിഷ്‌ക്കർഷിച്ചിട്ടുള്ള നിയമങ്ങൾ ഉണ്ട്. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്( FCRA), ഫോറിൻ എക്സേഞ്ച് റഗുലേഷൻ ആക്റ്റ്(FERA), ഫോറിൻ എക്സെഞ്ച് മാനേജ്മെൻ്റ് ആക്റ്റ്(FEMA) ഇങ്ങനെ വിവിധ നിയങ്ങൾ ഉണ്ട്. ഈ രജിസ്ട്രേഷനുള്ള സംഘടനകൾക്ക് വിദേശ ഫണ്ട് സ്വീകരിക്കാം.
റിസർവ്വ് ബാങ്കിൻ്റെ മോണിറ്ററി പോളിസി, ഇൻകം ടാക്സിൻ്റെ റൂൾസ് എന്നിവ അംഗീകരിക്കുന്ന ആർക്കും ഫണ്ട് സ്വീകരിക്കാം. സഭകൾ മാത്രമല്ലല്ലോ വിദേശ ഫണ്ട് സ്വീകരിക്കുന്നത്. വിവിധ എൻജിയോകൾ, രാഷ്ട്രീയ പാർട്ടികൾ, ജീവകാരുണ്യ/മനുഷ്യാവകാശ സംഘടനകൾ, ആശ്രമങ്ങൾ, ഗുരുപ്രസ്ഥാനങ്ങൾ , പരിസ്ഥിതി പ്രസ്ഥാനങ്ങൾ തുടങ്ങിയവ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ട്.
പെന്തകോസ്ത് സഭകൾ എപ്പിസ്ക്കോപ്പൽ സഭകകളുടെ പിന്തുടർച്ചയും കൈവയ്പും ആചാര വേഷങ്ങളും സ്വീകരിച്ചാൽ നിയമപരമായ സംരക്ഷണം കിട്ടുമെന്ന വാദം ബാലിശമാണ്. മെത്രാപ്പോലീത്ത സ്ഥാനം സ്വീകരിച്ചിട്ടും ബിലിവേഴ്‌സ് ചർച്ചിൽ ആദായ നികുതി വകുപ്പിൻ്റെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെയും റെയ്ഡ് നടന്നിട്ടുണ്ട്. സീറോ മലബാർ തലവൻ മാർ ആലഞ്ചേരി വസ്തു വിൽപ്പന കേസിൽ പ്രതിയായില്ലേ. സിഎസ്ഐ ബിഷപ്പ് ധർമരാജ് റസാലത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കാരക്കോണം മെഡിക്കൽ കോളേജ് കോഴ, അന്ധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റ് ചെയ്തില്ലേ. ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെടെ പല ബിഷപ്പ്മാരും വൈദീകരും പല കേസിലും പ്രതികൾ ആയിട്ടുണ്ട്. അപ്പോൾ സ്ഥാനവസ്ത്രങ്ങളും ബിഷപ്പ് പദവിയും പ്രത്യേകമായ ഒരു പ്രിവിലേജും നൽകുന്നില്ല. നിലനിൽക്കുന്ന നിയമവ്യവസ്ഥ അംഗീകരിച്ച് പോയാൽ മാത്രം മതി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആര് നടത്തിയാലും ശിക്ഷിക്കപ്പെടും. ആൾദൈവങ്ങൾ വിദേശ ഫണ്ട് സ്വീകരിക്കുന്നത് അംശവടി പിടിച്ചിട്ടാണോ ?.
ഇന്ത്യയിലെ പെന്തകോസ്ത് സഭകൾ രാജ്യത്തെ സിവിൽ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന സഭകളാണ്. സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് രാജ്യത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സഭകളാണ്. സഭകൾ എല്ലാം തന്നെ ദേശീയ സഭകൾ ആണ്.
പല എപ്പിസ്ക്കോപ്പൽ സഭകളുടെയും എക്ലിസിയാസ്റ്റിക്കൽ/പൊളിറ്റിക്കൽ/ലീഗൽ അധികാരി രാജ്യത്തിൻ്റെ പുറത്ത് ഉള്ളവരാണ്. അവിടുത്തെ കാനോൻ നിയങ്ങൾ ( രാജ്യത്തെ നിയങ്ങളല്ല) അനുസരിച്ചാണ് സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത്. എറണാകുളം – അങ്കമാലി വസ്തുവിൽപ്പന കേസും ഓർത്തഡോക്സ് – യാക്കോബായ കേസും പഠിച്ചാൽ വസ്തുതകൾ മനസ്സിലാകും.
രാജ്യത്തിൻ്റെ ഭരണഘടന അനുസരിച്ച് ഈ രാജ്യത്ത് ആർക്കും ആരാധനാ സ്വാതന്ത്ര്യം ഉണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 14,15 നിയമങ്ങളുടെ സമമായ സംരക്ഷണമാണ് നൽകുന്നത്. ഭരണകൂടം ഒരു പൗരനോടും മതം/ജാതി/ ലിംഗം/ ജനന സ്ഥലം എന്നിവയുടെ പേരിൽ വിവേചനം കാണിക്കാൻ പാടില്ല. ആർട്ടിക്കിൾ 19 പ്രകാരം ആശയ പ്രകാശന/ മനസാക്ഷി സ്വാതന്ത്ര്യവും സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നുണ്ട്. ആർട്ടിക്കിൾ 25,26 പ്രകാരം ആർക്കും ഏത് മതത്തിൽ വിശ്വസിക്കാനും മതം ആചരിക്കാനും മതവിശ്വാസം പ്രചരിപ്പിക്കാനും മതകാര്യങ്ങളുടെ നടത്തിപ്പിനുമുള്ള സ്വാതന്ത്ര്യമുണ്ട്. ആർട്ടിക്കിൾ 29,30 പ്രകാരം ന്യൂനപക്ഷ താൽപര്യങ്ങളുടെ സംരക്ഷണവും സ്ഥാപനങ്ങൾ നടത്താനുള്ള അവകാശവുമുണ്ട്. ഇത് ആരുടെയും ഔദാര്യമല്ല, പൗരൻ്റെ അവകാശമാണ്.
കേരളത്തിൽ ആരാധനാലയങ്ങൾ പണിയുന്നത് കേരളാ പഞ്ചായത്ത്/ നഗര സഭ കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ചാണ്. Burial and Burning ground rules അനുസരിച്ചാണ് സെമിത്തേരികൾ ഉപയോഗിക്കുന്നത്.
വിവാഹ രജിസ്ട്രേഷൻ ഉൾപ്പടെയുള്ള എല്ലാ നടപടി ക്രമങ്ങളും രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായിട്ടാണ് ചെയ്യൂന്നത്. ഫിനാൻസ് സ്റ്റേറ്റ്മെൻ്റ്, ആനുവൽ റിപ്പോർട്ട്, അക്കൗണ്ട്സ് തുടങ്ങിയവ എല്ലാം സുതാര്യമായി കൈകാര്യം ചെയ്യൂന്ന, കരം ഒടുക്കി, ചർച്ച് താരിഫിൽ ഇലക്രിസിറ്റി ബില്ല് അടക്കുന്ന സഭകളാണ് പെന്തകോസ്ത് സഭകൾ. ഇങ്ങനെ ഒരു ജനാധിപത്യ സമൂഹത്തിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന പെന്തകോസ്ത് സഭകൾ നിയമവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നത് ഉത്തരവാദിത്തപ്പെട്ട മാധ്യമ പ്രവർത്തനമല്ല. ന്യൂസ് റൂമുകളിൽ വേവിച്ചെടുക്കുന്ന ഇത്തരം പാതിവെന്ത വാർത്തകൾ വിശ്വാസി സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.
ജേർണലിസം, ഒരിക്കലും പ്രൊപ്പഗണ്ട ഏജൻസി ആകരുത്.
വാർത്തകൾ ക്രോസ് ചെക്ക് ചെയ്ത് വസ്തുതകളുടെ വെളിച്ചത്തിൽ മാത്രം റിപ്പോർട്ട് ചെയ്യലാണ് മാന്യമായ മാധ്യമ രീതി.
നുണകൾ മാത്രം പ്രചരിപ്പിക്കുന്നത് ജേർണലിസം അല്ല, ജീർണലിസമാണ്.
എഴുത്ത്: ജെയ്സ് പാണ്ടനാട്

Comments are closed.