ഷാർജ: സ്വന്ത ജീവിതത്തിൽ കൂടി സഭ എന്താണെന്നും സഭാ മക്കളുടെ ജീവിതം എങ്ങനെ ആയിരിക്കണമെന്നും ജനത്തെ ഓർമിപ്പിച്ചു കൊണ്ടിരുന്ന സഭാ പിതാവായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് റൈറ്റ് റവ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത. മാർപാപ്പ ധന്യ ജീവിതത്തിൽകൂടി കാണിച്ചു തന്ന പാത പിന്തുടരുവാനും അതിലൂടെ ദൈവരാജ്യത്തിന്റെ കെട്ടുപണികളിൽ പങ്കെടുക്കുവാൻ ഏവർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മാർപാപ്പയുടെ വേർപാടിൽ ഷാർജ വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്ന മാർത്തോമാ സഭ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനാധിപൻ.
മാർപ്പാപ്പയ്ക്ക് വേണ്ടിയുള്ള പ്രത്യേക അനുസ്മരണ പ്രാർത്ഥനയ്ക്കും അദ്ദേഹം നേതൃത്വം നൽകി. പ്രസിഡണ്ട് അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു.
യു എ ഇ യിലെ ഇടവകളിലെ സേവനം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്ന ഷാർജാ മാർത്തോമ്മ ഇടവക വികാരി റവ.രഞ്ജിത്ത് ഉമ്മൻ ജോൺ, ഷാർജ സെന്റ് മേരീസ് യാക്കോബായ സൂനോറോ പാത്രിയാർക്കൽ കത്തീഡ്രൽ ഇടവക വികാരി ഫാ. എൽദോസ് കാവാട്ട് എന്നിവർയ്ക്ക് സ്‌നേഹനിർഭരമായ യാത്രയപ്പ് നൽകി. യാക്കോബായ സൂനോറോ പാത്രിയാർക്കൽ കത്തീഡ്രൽ പുതിയ വികാരി ഫാ.ബിനു വർഗീസ് അമ്പാട്ട്, ട്രഷറർ ബിജോ കളീക്കൽ, അലക്സ് കീക്കാട്ടിൽ, എന്നിവർ പ്രസംഗിച്ചു. വനിതാവിഭാഗം ചെയർപേഴ്സൺ തങ്കം രാജു , മിനി ജോജി എന്നിവർ വേദപുസ്തകവായന നടത്തി. കുമാരി ജോആൻ ലിസ് ബിജോ ഗാനാലാപനം നടത്തി. സെക്രട്ടറി ബിജി എൻ തോമസ് സ്വാഗതം പറയുകയും, എക്യൂമെനിക്കൽ ചെയർ മാൻ ബെനറ്റ് യേശുദാസൻ നന്ദി പ്രകാശിപ്പിച്ചു. ജീമോൻറ നേതൃത്വത്തിൽ വൈ എം സി എ ഗായക സംഘം ഗാന ശുശ്രൂഷ നടത്തി.
