സമാധാനം എന്ന പാതയിലൂടെ നീതിയാകുന്ന കടമകൾ നിർവഹിച്ചു സ്നേഹം എന്ന ഭാഷയിൽ നമുക്ക് സംവദിക്കാൻ കഴിയണം : പാസ്റ്റർ ഗ്ലാഡ്‌സൺ വർഗീസ് കരോട്ട്
ഷാർജ : മത സൗഹാർദ്ദത്തിന്റെ ആവശ്യകതയെ വ്യക്തമാക്കി സമാധാനവും നീതിയും സ്നേഹവും സമൂഹത്തിനു കൈമാറാൻ മതങ്ങൾക്ക് കഴിയണം എന്ന് പാസ്റ്റർ ഗ്ലാഡ്‌സൺ വർഗീസ് പറയുകയുണ്ടായി. പ്രവാസി സമൂഹം സംഘടിപ്പിച്ച മത സൗഹാർദ്ദ സദസ്സും ലഹരി വിമോചന കാമ്പയിനും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുവിശേഷ പ്രഭാഷകനും വേദാധ്യാപകനുമായ പാസ്റ്റർ ഗ്ലാഡ്‌സൺ വർഗീസ് ചർച്ച് ഓഫ് ഗോഡ്ന്റെ ഓർഡൈൻഡ് ബിഷപ്പും, ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ ഡീൻ ഓഫ് സ്റ്റുഡന്റസും ആണ്.
വ്യത്യസ്തവും ഹാസ്യാത്മകവുമായ അവതരണത്തിലൂടെ, ലഹരിയുടെ പിടിയിൽ അകപ്പെട്ട യുവതലമുറയെയും കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെയും ഹൃദയസ്പർശിയായ വിധത്തിൽ താൻ അവതരിപ്പിക്കുകയുണ്ടായി. യേശുക്രിസ്തുവിന്റെ ജീവിതാനുഭവങ്ങൾ ഉദ്ധരിച്ച് സ്നേഹം, നീതി, സമാധാനം എന്ന മൂല്യങ്ങളുടെ ആഴം വിശദീകരിച്ച അദ്ദേഹത്തിന്റെ പ്രഭാഷണം എല്ലാവരെയും ആകർഷിച്ചു.
പ്രതികൂല സാഹചര്യങ്ങളുടെ ഇടയിൽ ജനിച്ചു, ബാല്യത്തിലെ മരണഭീഷണി നേരിട്ട്, നസ്രേത്തിന്റെ ദാരിദ്ര്യത്തിലും അനിശ്ചിതത്വങ്ങളിലും വളർന്ന ക്രിസ്തു സ്വന്ത ജനത്താൽ തള്ളപ്പെട്ടു, മത മേലധ്യക്ഷന്മാരുടെ ഗൂഢാലോചനക്കു പാത്രമായി, ആത്മ മിത്രത്താൽ ഒറ്റികൊടുക്കപെട്ടു, കാരണം കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ടതിലൂടെ ഭരണകൂട ഭീകരതയുടെ കാഠിന്യം അനുഭവിച്ചു, നീതിയുക്തമായ വിചാരണ നിഷേധിക്കപ്പെട്ടു, സമൂഹത്തിൽ പരിഹാസിക്കപെട്ടു, കുറ്റവിമുക്തനായിട്ടും ക്രൂശിക്കപ്പെട്ടു.
ആ സാഹചര്യത്തിലും ദൈവപുത്രനായ ക്രിസ്തുവിന്റെ വാക്കുകൾ സ്നേഹത്തിന്റേതും സമാധാനത്തിന്റേതും നീതിയുടെയും ആയിരുന്നു എന്ന് താൻ പരാമർശിക്കുകയുണ്ടായി. തനിക്കു വേണ്ടി വാൾ എടുത്ത പത്രോസിനോട് വാൾ ഉറയിലിടാൻ ആവശ്യപ്പെട്ടതിലൂടെ സമൂഹത്തിൽ അഹിംസയുടെ അസാധാരണ വാതായനം താൻ തുറക്കുകയായിരുന്നു എന്ന ദാർശനിക വാക്കുകൾ സദസിന്നെ ഒന്നടങ്കം ചിന്തിപ്പിച്ചു .
“സമാധാനം നമ്മുടെ പാതയാകട്ടെ, നീതി നമ്മുടെ കടമയാകട്ടെ, സ്നേഹം നമ്മുടെ ഭാഷയാകട്ടെ..” എന്ന തന്റെ പ്രതിജ്ഞ വാചകങ്ങൾ നിറകയ്യടികളോടെയാണ് പ്രവാസ സമൂഹം സ്വീകരിച്ചത്, മത സൗഹാർദ്ദത്തിന്റെയും സഹോദരത്തിന്റെയും ഒരു ആസ്വാദനം സദസ്സിലുളവാക്കിയ യാഥാർത്ഥ്യബോധമുള്ള അവലോകനം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.
ഈ സദസ്സ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത് പ്രശസ്ത ഇസ്ലാമിക് പ്രഭാഷകനും മതപണ്ഡിതനും, ഇസ്ലാമിക് സ്റ്റഡീസ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹ്‌റ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ന്റെ മാനേജിങ് ഡയറക്ടറുമായ ഉസ്താദ് യഹിയ സഖാഫി ആയിരുന്നു.
സദസ്സിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
