യേശു ജനിച്ചത് എവിടെ?
സുവി. ഇ എസ്. തോമസ്
ചോദ്യം :
യേശു ജനിച്ചത് പുൽക്കൂട്ടിൽ ആണോ അതോ വേറെ എവിടെയെങ്കിലും ആണോ?
മാത്യു തരകൻ, വെച്ചൂച്ചിറ
മറുപടി :
യേശുവിന്റെ ജനനം സംബന്ധിച്ച് ഏകദേശമായ ഒരു വിവരണം ലൂക്കോസും മത്തായിയും സുവിശേഷങ്ങളിൽ നൽകിയിട്ടുണ്ട്. നാടെങ്ങും പേർ വഴി ചാർത്തുവാൻ ഓഗസ്തിയോസ് കൈസരുടെ ആജ്ഞാപനം ഉണ്ടായത് നിമിത്തം യോസേഫും മറിയയും പോയ സമയത്ത് വഴിയിൽ വച്ചാണ് മാറിയയ്ക്ക് പ്രസവവേദനയുണ്ടായത്. തുടർന്ന് വഴിയമ്പലത്തിൽ കുഞ്ഞിനെ കിടത്തുവാൻ സ്ഥലം അന്വേഷിച്ചാറേ അനുമതി നിഷേധിച്ചതായും പശുതൊഴുത്തിൽ കിടത്തിയതായും ബൈബിൾ പറയുന്നു. എന്നാൽ യേശു പശുതൊഴുത്തിൽ പിറന്നതായി ഒരു രേഖയും ബൈബിളിലോ ബൈബിൾ ഇതരചരിത്രരേഖകളിലോ വ്യക്തമായി കാണുന്നില്ല.
പുൽതൊഴുത്തിൽ കിടത്തി എന്ന് എഴുതിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ യേശു ജനിച്ചത് പുൽതൊഴുത്തിൽ എന്ന് പൊതുവേ വിശ്വസിച്ചു വരുന്നു. ആധികാരിക രേഖകൾ ഇല്ലാതാനും. പൊതുവെ ക്രൈസ്തവർ മുഴുവനും പശുതൊഴുത്തിൽ യേശു ജനിച്ചു എന്നാണ് വിശ്വസിക്കുന്നത്. അതിന്റെ അടിസ്ഥാനം എവിടെ എന്ന് നിശ്ചയമില്ല. മിക്കവാറും യാത്രയിൽ ഏതെങ്കിലും വൃക്ഷചുവട്ടിലോ, മറ്റ് ഏതെങ്കിലും മറവിലോ ആയിരുന്നിരിക്കാം. വ്യക്തമായി പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ നമ്മുടേതായ അനുമാനത്തിലൂടെ ഒരു കൃത്യ സ്ഥലം നിർണ്ണയിക്കുന്നത് ശരിയല്ല.
എന്നെ സംബന്ധിച്ചിടത്തോളം യേശു ജനിച്ചു എന്നതാണ് പ്രധാന കാര്യം, എവിടെ ജനിച്ചു എന്നതു പ്രസക്തമായ വിഷയമല്ല. മീഖാ. 5:2 പ്രകാരം യഹൂദ്യയിലെ ബേത്ലേഹേമിൽ ജനിച്ചു. അത് ഞാൻ വിശ്വസിക്കുന്നു.

Comments are closed.