രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. ആഗസ്റ്റ് മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ ഉച്ചസ്ഥായിയിലെത്തുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ പറയുന്നത്.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ 1,50,000 വരെ എത്തുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഒക്ടോബര്‍ മാസത്തോടെ കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകും. എന്നാല്‍ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, നിലവില്‍ കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കേസ് വര്‍ധിക്കുന്നത് രാജ്യത്തെ മുഴുവന്‍ സാഹചര്യത്തെ ബാധിക്കുന്നതാണെന്ന് വിദഗ്ധര്‍ വിലയിരുത്തി. ഇതിനോടകം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ഈ സംസ്ഥാനങ്ങളിലെ അവസ്ഥയെ ആശ്രയിച്ചിരിക്കും മൂന്നാം തരംഗം എത്രത്തോളം രൂക്ഷമാകുകയെന്നും ഗവേഷകര്‍ പറയുന്നു.
അടുത്ത ദിവസങ്ങളില്‍ തന്നെ മൂന്നാം തരംഗത്തിന്റെ സൂചനകള്‍ വന്നുതുടങ്ങുമെന്നും ഗവേഷണം നടത്തിയ വിദഗ്ധരിലൊരാളായ മതുക്കുമല്ലി വിദ്യാസാഗര്‍ പറയുന്നു. രണ്ടാം തരംഗത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം വരെ ആയിരുന്നു. 41,831 കൊവിഡ് കേസുകളാണ് ഞായറാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 541 പേര്‍ കൊവിഡ് ബാധിതരായി കഴിഞ്ഞ ദിവസം മരണപ്പെട്ടു.
