യുദ്ധം വേണ്ടി വരും; ഭീഷണി മുഴക്കി റഷ്യന്‍ അംബാസിഡര്‍
വാഷിംഗ്ടണ്‍ : യുക്രൈനിലേക്ക് സൈനിക സഹായം എത്തിക്കുന്ന അമേരിക്കയുടെ നടപടി റഷ്യയും പാശ്ചാത്യ ശക്തികളും തമ്മില്‍ നേരിട്ടുള്ള യുദ്ധത്തില്‍ കലാശിക്കുമെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസിഡര്‍ അനത്തോളി ആന്റനോവ് ഭീഷണി മുഴക്കി.
യു.എസ്. പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുക്രൈന്‍ പ്രസിഡന്റ് സെലസ്ക്കിയുമായി സൈനിക സഹകരണം സംബന്ധിച്ചു ചര്‍ച്ച നടത്തുകയും 62.5 കോടി ഡോളറിന്റെ സഹായം കൂടി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണിത്. അമേരിക്ക ഇതുവരെയായി 1700 കോടി ഡോളറിന്റെ സഹായമാണ് യുക്രൈനിനു നല്‍കിയിട്ടുള്ളത്. റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനുള്ള യുക്രൈനിന്റെ പോരാട്ടത്തില്‍ അമേരിക്കന്‍ ആയുധങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത് അമേരിക്ക യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കുന്നതിനു തുല്യമാണെന്ന് റഷ്യന്‍ അബാസിഡര്‍ പറഞ്ഞു. പ്രകോപനപരമായ നടപടികള്‍ അമേരിക്ക ഉടന്‍ നിര്‍ത്തണമെന്നും റഷ്യ ആവശ്യപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
