പർജാങ് : ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ പർജാങ് ഗ്രാമത്തിൽ ഇക്കഴിഞ്ഞ ജനുവരി 4 ഞാറാഴ്ച്ച ഒരു കൂട്ടം സുവിശേഷ വിരോധികളായ ആളുകൾ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിച്ച ശേഷം അദ്ദേഹത്തെ ബലമായി ചാണകം തിന്നുവാൻ നിർബന്ധിച്ചു.പാസ്റ്റർ നായിക്, ഭാര്യ വന്ദനയും മറ്റ് ചിലരും ചേർന്ന് ഒരു സ്വകാര്യ വസതിയിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഏകദേശം 40 ഓളം പേരടങ്ങുന്ന ഒരു സംഘം ബലമായി വീട്ടിൽ കയറി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
ദൃക്‌സാക്ഷികളുടെ വിവരണം അനുസരിച്ച് സുവിശേഷ വിരോധികളുടെ കൂട്ടം പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ വടി കൊണ്ട് ആക്രമിച്ച് ആവർത്തിച്ച് തല്ലുകയും മത പരമായ മുദ്രാ വാക്യങ്ങൾ മുഴക്കാനും ചാണകം കഴിക്കാനും നിർബന്ധിച്ച് അങ്ങേയറ്റം അപമാനിക്കുകയും ചെയ്തു. മുഖത്ത് ചുവന്ന സിന്ദൂരം പുരട്ടിയും കഴുത്തിൽ ചെരിപ്പ് മാല ഇട്ടും ഏകദേശം രണ്ട് മണിക്കൂറോളം ഗ്രാമത്തിലൂടെ അദ്ദേഹത്തിനെ അവർ നടത്തി. പോലീസ് ഇടപെട്ടിട്ടും അക്രമം ഉടനടി അവസാനിച്ചില്ലെന്നാണ് റിപ്പോർട്ട്.
ഈ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് കൊണ്ട്,സി ആർ ഐ ഐ യുടെ ദേശീയ പ്രസിഡന്റ് ഡോ. കെ ബാബു റാവു ഐപിഎസ് (റിട്ടയേർഡ്) സംഭവത്തെ ശക്തമായി അപലപിച്ചു. ഈ ക്രൂരവും മനുഷ്യത്വ രഹിതവുമായ പ്രവൃത്തി ഇന്ത്യൻ ഭരണ ഘടനയുടെ കടുത്ത ലംഘനമാണ്. അത് ഓരോ പൗരനും ജീവിക്കാനുള്ള അവകാശം, അന്തസ്സ്, മത സ്വാതന്ത്ര്യം എന്നിവ ഉറപ്പ് നൽകുന്നു. ആൾക്കൂട്ട അക്രമം, നിർബന്ധിത മത മുദ്രാവാക്യങ്ങൾ, പൊതു അവഹേളനം എന്നിവയ്ക്ക് ഒരു പരിഷ്കൃത ജനാധിപത്യത്തിൽ സ്ഥാനമില്ല. അത്തരം മത ഭ്രാന്ത് നിറഞ്ഞ പെരുമാറ്റം നിയമ വാഴ്ചയ്‌ക്കെതിരായ ആക്രമണമാണ്. അതിന് എതിരെ ശക്തമായി നടപടിയെടുക്കണം എന്ന് അദ്ദേഹം പറഞ്ഞു.

Comments are closed.