റായ്പൂർ: ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ ഗ്രാമവാസികൾ സുവിശേഷകർക്ക് വിലക്ക് ഏർപ്പെടുത്തി. ജില്ലയിലെ ഭാനുപ്രതാപ്പൂർ ഡെവലപ്മെൻ്റ് ബ്ലോക്കിലെ ടെക്കാത്തോഡ ഗ്രാമം ഒക്ടോബർ 13-ന് ഗ്രാമ കവാടത്തിൽ വലിയ ബോർഡ് സ്ഥാപിച്ച് ക്രിസ്ത്യൻ പാസ്റ്റർമാർക്കും പുരോഹിതർക്കും പ്രവേശനം നിഷേധിച്ചു.
മതപ്രവർത്തകർ പ്രവേശിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുന്ന ബോർഡാണ് ടെക്കാത്തോഡ ഗ്രാമത്തിൽ സ്ഥാപിച്ചത്. തങ്ങളുടെ ഗ്രാമത്തിൽ അടുത്തിടെ എട്ട് കുടുംബങ്ങൾ ക്രിസ്തുമതം സ്വീകരിച്ചത് പരമ്പരാഗത ആദിവാസി സംസ്കാരത്തെയും സാമൂഹിക ഘടനയെയും തകർക്കുന്നുവെന്ന് ഗ്രാമീണർ ആരോപിക്കുന്നു. ഈ വിലക്ക് ഏർപ്പെടുത്തുന്ന കാങ്കർ ജില്ലയിലെ പന്ത്രണ്ടാമത്തെ ഗ്രാമമാണ് ടെക്കാത്തോഡ എന്നും സമാനമായ പ്രതിഷേധങ്ങൾ ജില്ലയിലുടനീളം ശക്തമാകുന്നുവെന്നും ഗ്രാമീണർ അവകാശപ്പെട്ടു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്ക് ശ്മശാന ഭൂമി നിഷേധിക്കൽ, സാമൂഹിക ബഹിഷ്കരണം ഏർപ്പെടുത്തൽ, ക്രിസ്ത്യൻ പ്രാർത്ഥനാ യോഗങ്ങൾ നിർത്തലാക്കാൻ ആവശ്യപ്പെടൽ തുടങ്ങിയ കടുത്ത തീരുമാനങ്ങളും ഈ മേഖലയിലെ ഗ്രാമ കൗൺസിലുകൾ പാസാക്കിയതായി റിപ്പോർട്ടുകളുണ്ട്.

Comments are closed.