ലണ്ടൻ: ട്രെയിൻ കോച്ചിൽ ബൈബിൾ വചനങ്ങൾ പ്രസംഗിച്ച യുവതിയുടെ വീഡിയോ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു. യേശുക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച് ടെസ്സി എന്ന യുവതി നടത്തിയ ചുരുങ്ങിയ പ്രസംഗം ഇതിനോടകം കോടിക്കണക്കിന് ആളുകളാണ് കണ്ടത്.
സുവിശേഷ പ്രഘോഷണം ധീരമായ നടപടിയാണെന്ന് ഒരു വിഭാഗം പറയുമ്പോൾ പൊതുഗതാഗത സംവിധാനങ്ങളിലെ നിയമങ്ങൾ പാലിക്കണമെന്നാണ് മറുവിഭാഗം വാദിക്കുന്നത്. സഭകൾക്കും വിശ്വാസികൾക്കും ഇടയിൽ പൊതുസ്ഥലത്തെ സുവിശേഷ പ്രഘോഷണത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് ഇത് തുടക്കമിട്ടു. അവാന്തി വെസ്റ്റ് കോസ്റ്റ് ട്രെയിനിലെ ക്വയറ്റ് സോൺ (ശബ്ദമുണ്ടാക്കാൻ പാടില്ലാത്ത ഭാഗം) വിഭാഗത്തിലാണ് ടെസ്സി എന്ന യുവതി സുവിശേഷം പ്രസംഗിച്ചത്. സാധാരണയായി ആളുകൾ വിശ്രമിക്കാനോ വായനയ്ക്കോ തിരഞ്ഞെടുക്കുന്ന ഈ സ്ഥലത്ത് സുവിശേഷം പറഞ്ഞതാണ് ചർച്ചകൾക്ക് കാരണമായത്. അതേസമയം സഹയാത്രികരോട് അനുവാദം ചോദിച്ചുകൊണ്ടാണ് താൻ സംസാരിച്ചതെന്ന് ടെസ്സി വ്യക്തമാക്കി.

Comments are closed.