സനാ: യെമന്റെ സമുദ്ര പരിധിയിൽ പ്രവേശിക്കും മുമ്പ് മുഴുവൻ കപ്പലുകളും യെമൻ സർക്കാരിൻ്റെ അനുമതി നേടണമെന്ന് യെമനി ടെലികോം മന്ത്രി മിസ്‌ർ അൽ നുമയ്ർ. ചെങ്കടലിനടിയിലെ നാല് ഇൻ്റർനെറ്റ് കേബിളുകൾ മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയെന്നും ഇത് ആഗോള ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളെ തകിടം മറിക്കുമെന്നും കഴിഞ്ഞ വാരം ഹോങ് കോങ് ആസ്ഥാനമായ ടെലികോം കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യെമൻ്റെ പുതിയ നീക്കം.
‘യെമനി നാവിക സേനയുടെ കപ്പലുകൾ വഴി പെർമിറ്റുകൾക്കും തിരിച്ചറിയലിനുമുള്ള അഭ്യർത്ഥനകളിൽ സഹായിക്കുവാൻ യെമനി ടെലികോം മന്ത്രാലയം സന്നദ്ധമാണ്. കപ്പലുകളുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുള്ളതിനാൽ പെർമിറ്റ് നേടേണ്ടത് വളരെ അത്യാവശ്യമാണ്,’ യെമന്റെ അൽ മസിറഹ് ടി.വി നെറ്റ്‌വർക്ക് വഴി അൽ നുമയ്ർ പറഞ്ഞു.
