Ultimate magazine theme for WordPress.

കാന്റർബറിയിലെ മെത്രാച്ചി!

ഡോ. എം ജെ സന്തോഷ്

സിഐഡി മൂസ എന്ന സിനിമയിൽ വില്ലനായ പോലീസ് ഓഫീസറായി വന്ന് തിളങ്ങിയ ആശിഷ് വിദ്യാർത്ഥി പറയുന്നതുപോലെ ഞാനും പറഞ്ഞോട്ടെ, “യു സീ, എന്നുടെ മളയാളം അത്ര നള്ളതള്ള”. ഇപ്പോൾ ഇത് പറയാൻ കാരണം മെത്രാച്ചൻ എന്നതിന്റെ സ്ത്രീലിംഗം മെത്രാച്ചി എന്നതാണോ എന്നറിയാത്തതാണ്.

ശബ്ദതാരാവലി പെൺ മെത്രാന്മാരെക്കുറിച്ച് ഒന്നും പറയുന്നില്ല എങ്കിലും ധൈര്യം സംഭരിച്ച് ഞാനതങ്ങോട്ട് ഉപയോഗിക്കുകയാണ്. മലയാള ഭാഷയുടെ നിരവധി നൂറ്റാണ്ടുകൾ നീളുന്ന ചരിത്രത്തിൽ ആദ്യമായി ഞാൻ മെത്രാച്ചി എന്ന വാക്ക് ഉപയോഗിച്ചത് പോലെ ഒരു നവീകരണ സഭയായ ചർച്ച് ഓഫ് ഇംഗ്ലണ്ട് അഥവാ ആംഗ്ലിക്കൻ സഭ അവരുടെ അഞ്ചു നൂറ്റാണ്ടുകൾ നീണ്ട ചരിത്രത്തിൽ ആദ്യമായി പുതിയ പരമ മേലധ്യക്ഷയായി ഒരു വനിതയെ നിയമിച്ച് ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു എന്നതാണ് ബിബിസി വാർത്ത.

2017 മുതൽ ലണ്ടൻ ബിഷപ്പ് ആയിരുന്ന സാറ മലാലിയാണ് പുതിയ കാന്റർബെറി ആർച്ച് ബിഷപ്പ്. സഭാ മേലധികാരം പുരുഷന്മാരുടെ കുത്തകയല്ല എന്ന് തെളിയിച്ചിരിക്കുന്നു പോൽ! ഇതാണോ മദാമ്മേ, ഇത്ര ആനക്കാര്യം? കേരളത്തിലെ ഇവാൻജെലിക്കൽ സഭകളായ ബ്രദറൺ, പെന്തക്കോസ്ത്, ബാപ്റ്റിസ്റ്റ്, ന്യൂജൻ കരിസ്മാറ്റിക് വിഭാഗങ്ങൾ പെണ്ണുങ്ങൾക്ക് മാത്രമല്ല മന്ദബുദ്ധികൾ, കിറുക്കന്മാർ, ക്രിമിനലുകൾ ഭിന്നലിംഗക്കാർ, അവിശ്വാസികൾ, കീഴ്ശ്വാസികൾ എന്നിങ്ങനെ സമൂഹത്തിൽ അവശത അനുഭവിക്കുന്ന മൈനോറിറ്റികൾക്ക് സഭകളുടെ നേതൃസ്ഥാനം നൽകിത്തു ടങ്ങിയിട്ട് ദശാബ്ദങ്ങളായി!

കോട്ടയത്തോ, തിരുവല്ലയിലോ, കുമ്പനാട്ടോ, പത്തനംതിട്ടയിലോ, മാവേലിക്കരയിലോ അന്തർദേശീയ വിമാനത്താവളങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ പുതിയ കാന്റർബറി ആർച്ച് ബിഷപ്പിനെ അങ്ങോട്ട് ക്ഷണിച്ചേനെ! എന്നോട് കോപിക്കുന്നതിന് മുൻപ് ഗൂഗിൾ പരിശോധിച്ചാൽ ഞാൻ ഈ പറഞ്ഞത് ശരിയോ തെറ്റോ എന്ന് നിങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാം.

എന്റെ ഈ കോളത്തിന്റെ ഉദ്ദേശം വായനക്കാരെ കുറച്ചൊന്ന് ചിരിപ്പിക്കുകയും വല്ലപ്പോഴും കരയിക്കുകയും ഇടയ്ക്ക് ചിന്തിപ്പിക്കുകയും ചെയ്യുക എന്നത് മാത്രമായതുകൊണ്ട് ഞാൻ ഒത്തിരി തിയോളജി ഇവിടെ പ്രസംഗിക്കുന്നില്ല. അപ്പോസ്തലനായ പൗലോസിന്റെ അതിതീവ്ര യഹൂദമത വിശ്വാസമാണ് സ്ത്രീകൾ സഭയുടെ അധ്യക്ഷ സ്ഥാനത്ത് വരുന്നത് വിലക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന് വിശ്വസിക്കുന്ന വേദപണ്ഡിതന്മാർ നിരവധിയാണ്. എങ്കിലും ആ വാദത്തിൽ വലിയ കഴമ്പുണ്ട് എന്ന് തോന്നുന്നില്ല. കാരണം തിമോത്തിയോസിന് എഴുതിയ ഒന്നാം ലേഖനം രണ്ടാം അധ്യായത്തിൽ സ്ത്രീകളെ സഭയിൽ പ്രസംഗിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നത് വിലക്കുമ്പോൾ സാംസ്കാരിക വൈജാത്യങ്ങൾ ഉടലെടുക്കുന്നതിന് മുൻപ് ആദവും ഹവ്വയും മാത്രമുള്ള ഒരു കാലഘട്ടത്തിൽ നിന്നാണ് അപ്പോസ്തലനായ പൗലോസ് കാരണങ്ങൾ കണ്ടെത്തുന്നത്.

ആദം ആദ്യം സൃഷ്ടിക്കപ്പെട്ടു, ഹവ്വ വഞ്ചിക്കപ്പെട്ടു എന്നീ കാരണങ്ങളാലാണ് അപ്പോസ്തോലനായ പൗലോസ് സ്ത്രീകൾക്ക് സഭയിൽ അധ്യക്ഷസ്ഥാനം നൽകാത്തത്. അത് സ്ത്രീകളുടെ സ്ഥാനം ഇടിച്ചു കാണിക്കലാണ്, പൗലോസിന്റെ യഹൂദ മത പ്രതിബദ്ധതയുടെ പ്രതിഫലനമാണ് എന്നെല്ലാം പറയുന്നവർ ബൈബിൾ മൊത്തമായി എഴുതിത്തള്ളുകയാണ്. ബൈബിൾ രചനയിൽ പരിശുദ്ധാത്മാ വിനുള്ള പങ്കും പൂർണമായി അവഗണി ക്കപ്പെടുന്നു.

സ്ത്രീവിദ്വേഷിയായിരുന്ന പൗലോസ് അദ്ദേഹത്തിന് തോന്നിയതു പോലെ എഴുതിയതാണോ? ഒരു മതഗ്രന്ഥം നൽകുന്ന നിഷ്ഠകളും ആചാരങ്ങളും സംസ്കാരത്തിന്റെ ചലനങ്ങൾക്ക് അനുസാരം തിരുത്തുന്നത് ആരോഗ്യകരമല്ല. കൊച്ചു കുട്ടികളുടെ ലിംഗാഗ്രം ഛേദിക്കുന്ന ദൈവമാണോ ഭൂമിയിലെ മഹാഭൂരിപക്ഷത്തെയും നിത്യ നരകത്തിൽ അയക്കുന്ന ദൈവമാണോ നല്ലത് എന്ന ചോദ്യം അന്തസ്സാര ശൂന്യമാണ്. ഞാനൊരു ക്രിസ്ത്യാനിയായത് ക്രിസ്തുമതത്തിന്റെ യുക്തിപരമായ മേൽക്കൈയും ഹിന്ദു മുസ്ലിം യഹൂദ മതങ്ങളുടെ യുക്തിപരമായ പരാജയവും കൊണ്ടല്ല. മറിച്ച് അത് എന്റെ വിശ്വാസത്തിൽ വന്ന മാറ്റം കൊണ്ടാണ്. വിശ്വാസത്താൽ ഞാൻ ക്രിസ്തീയ ഉപദേശം സ്വീകരിച്ചിരിക്കുന്നു. സഭകൾക്ക് ബൈബിളിന്മേൽ വ്യാഖ്യാനപരമായ മേൽക്കൈ നൽകുന്ന സമീപനം സുവിശേഷത്തിന്റെ നവീകരണം സംഭവിച്ച ലൂതറൻ, മെത്തഡിസ്റ്റ്, ആംഗ്ലിക്കൻ മുതലായ സഭകളുടെ പരാജയത്തിന് കാരണമായി എന്നു സഭാ ചരിത്രം വ്യക്തമാക്കുന്നു. സോളാ സ്ക്രിപ്റ്റുറാ ( ബൈബിൾ മാത്രം) എന്ന് പ്രഖ്യാപിച്ചുകൊണ്ട് മാർട്ടിൻ ലൂഥറിന്നൊപ്പം ഉറച്ചുനിന്ന ജർമ്മനിയും മറ്റ് സ്കാൻഡിനേവിയൻ രാജ്യങ്ങളും ഇന്ന് റോമൻ കത്തോലിക്ക വിശ്വാസത്തെക്കാൾ ലിബറലായിരിക്കുന്നു!

മുൻ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി കൊച്ചുകുട്ടികളോട് ലൈംഗികമായി അപമര്യാദയായി പെരുമാറി എന്ന ആരോപണം നിമിത്തം സ്ഥാനമൊഴിയാൻ നിർബന്ധിതനായി തീർന്നു. സഭാ നേതൃത്വത്തിൽ ജനങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുക എന്നതായിരിക്കും തന്റെ പ്രഥമലക്ഷ്യം എന്ന് ആർച്ച് ബിഷപ്പ് മലാലി വ്യക്തമാക്കിയിട്ടുണ്ട്. നല്ല സമീപനം തിരുമേനി, മുൻ ആർച്ച്ബിഷപ്പിന്റെ ലൈംഗിക പാപം ഒരു പാപമാണെന്ന് ആർച്ച് ബിഷപ്പ് മലാലി പറഞ്ഞതായി ഇതുവരെ ഞാൻ വായിച്ചില്ല. ആംഗ്ലിക്കൻ സഭ സ്വവർഗ വിവാഹം ഇതുവരെ അനുവദിച്ചിട്ടില്ലെങ്കിലും ഇപ്പോൾ അതിന്റെ പാതയിലാണ്. സഭയുടെ നിരവധി പ്രാദേശിക ഘടകങ്ങൾ സ്വവർഗ്ഗവിവാഹം അനുവദിച്ചു കഴിഞ്ഞു. കാനഡ ഒരു ഉദാഹരണം. ചില നാളുകൾക്ക് മുൻപ് ഒരുമിച്ച് താമസിക്കുന്ന സ്വവർഗ ദമ്പതികൾക്ക് ആംഗ്ലിക്കൻ പുരോഹിതന്മാർ അനുഗ്രഹ പ്രാർത്ഥന നൽകണം എന്ന വാദമുയർന്നപ്പോൾ ലണ്ടൻ ബിഷപ്പായിരുന്ന മലാലി അതിന് അനുകൂലമായി വോട്ട് ചെയ്തു. എൽജിബിടി ക്യു സഭാംഗങ്ങൾക്ക് പുതിയ ആർച്ചു ബിഷപ്പ് അനുഗ്രഹമായിരിക്കു മെന്നതിൽ സംശയമില്ല. നിർഭാഗ്യകരം! ഇതാണോ ഒരു നവീകരണ സഭയിൽ നിന്ന് പ്രതീക്ഷിക്കേണ്ടത്? ആണും, പെണ്ണും, സൃഷ്ടിയും, രക്ഷയും, സഭയും സമൂഹവും ബിഷപ്പിന്റെ സ്ഥാനവുമെല്ലാം വേദപുസ്തകം അടിസ്ഥാനമാക്കി മാത്രം വ്യാഖ്യാനിച്ചില്ലെങ്കിൽ സഭയും കള്ള് ഷാപ്പും ആയി പേരിൽ മാത്രമായിരിക്കും വ്യത്യാസമുണ്ടാകുക. അപ്പോൾ ഗർഭനിരോധന ഉപാധി സെക്സിനെ പാപമല്ലാതാക്കും, മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് അറിഞ്ഞിട്ടും അത് പോലീസിൽ അറിയിക്കാത്തത് കുറ്റമല്ലാതാകും. ഞാൻ കഴിക്കുന്നില്ലല്ലോ? അത് വിൽക്കുന്നതും പാപമല്ലാതാകും.

യൂട്യൂബിൽ മറ്റൊരു സുവിശേഷകനെ ചീത്ത കൊണ്ട് അഭിഷേകം ചെയ്യുന്നത് ഒരിക്കലും പാപം ആകുകയില്ല. ഇപ്പോൾതന്നെ നാം ഇങ്ങനെയൊക്കെയല്ലേ? ഈ ആത്മീയ അട്ടിമറിയിൽ നിന്ന് ദൈവം നമ്മെ സംരക്ഷിക്കട്ടെ!

Sharjah city AG

Comments are closed.