Ultimate magazine theme for WordPress.

മുപ്പത്തിയാറ് കോടി ക്രിസ്ത്യാനികൾ കടുത്ത പീഡനം നേരിടുന്നതായി ഐക്യരാഷ്ട്ര സഭയിൽ വത്തിക്കാൻ

ന്യൂയോര്‍ക്ക്: ക്രിസ്ത്യാനികളാണ് ഭൂമിയിൽ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന വിഭാഗമെന്നും അന്താരാഷ്ട്ര സമൂഹം ഈ ദുരവസ്ഥയ്ക്ക് മുമ്പാകെ കണ്ണടയ്ക്കയാണെന്നും ഐക്യരാഷ്ട്രസഭയിൽ വത്തിക്കാന്‍. ക്രിസ്ത്യാനികൾക്ക് എതിരായി ആഗോളതലത്തില്‍ വര്‍ധിച്ചു വരുന്ന പീഡനം അവസാനിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സെപ്റ്റംബര്‍ 29 ന് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗർ ആവശ്യപ്പെട്ടു.

മുപ്പത്തിയാറ് കോടി ക്രിസ്ത്യാനികൾ ഉയര്‍ന്ന തോതിലുള്ള പീഡനമോ വിവേചനമോ അനുഭവിക്കുന്ന ഭൂപ്രദേശങ്ങളിലാണ് വസിക്കുന്നതെന്നും സമീപ വര്‍ഷങ്ങളില്‍ പള്ളികള്‍ക്കും വീടുകള്‍ക്കും സമൂഹങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വർദ്ദിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണ സുഡാന്‍, സുഡാന്‍ എന്നിവയടക്കം നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആശങ്കാജനകമായ മേഖലകളാണ്. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ഒരു കത്തോലിക്കാ ഇടവകയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 64 വിശ്വാസികൾ മരണമടഞ്ഞു. കോംഗോയും റുവാണ്ടയും തമ്മിലുള്ള ജൂണിലെ സമാധാന കരാറിനെയും കോഗോയും റുവാണ്ടയുടെ പിന്തുണയുള്ള വിമത ഗ്രൂപ്പായ എം23 ഉം തമ്മിലുള്ള ജൂലൈയിലെ സമാധാന ഉടമ്പടിയെയും ആര്‍ച്ചുബിഷപ് പ്രശംസിച്ചു.

ഇസ്രായേലിനും പലസ്തീനുമിടയില്‍ ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കിയുള്ള ശാശ്വത സമാധാനം എന്ന മാർപാപ്പയുടെ നിലപാട് ആര്‍ച്ചുബിഷപ് ആവര്‍ത്തിച്ചു. ബന്ദികളെ മോചിപ്പിക്കാനും, സ്ഥിരമായ വെടിനിര്‍ത്തല്‍ കൈവരിക്കാനും സന്നദ്ധസഹായത്തിന്റെ സുരക്ഷിതമായ പ്രവേശനം സുഗമമാക്കാനും മാനുഷിക നിയമം പൂര്‍ണമായും മാനിക്കാനും വിവേചനരഹിതമായ ബലപ്രയോഗവും നിര്‍ബന്ധിത കുടിയിറക്കവും അവസാനിപ്പിക്കാനും ലിയോ മാര്‍പാപ്പ ആവശ്യപ്പെടുന്നതായി ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

Sharjah city AG

Comments are closed.