കൊഹിമ: നാഗാലാൻഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന നിയമസഭയിലും ‘വന്ദേമാതരം’ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ക്രൈസ്തവ വിശ്വാസത്തെ മുൻനിർത്തി ശക്തമായ എതിർപ്പുമായി ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട്. ഈ നീക്കം ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള സംസ്ഥാനത്തിന്റെ മതപരമായ വ്യക്തിത്വത്തിന് വലിയ ഭീഷണിയാണെന്ന് പാർട്ടി ആരോപിച്ചു.
കൊഹിമയിലെ എൻ.പി.എഫ് ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ പ്രസ്താവനയിൽ ‘വന്ദേമാതരം’ നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്നത് സംസ്ഥാനത്തെ ക്രൈസ്തവ ജനതയ്ക്ക് അന്യവും യോജിക്കാത്തതുമായ ഒന്നാണെന്ന് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 371A പ്രകാരം നാഗാ ജനതയുടെ മതപരവും പരമ്പരാഗതവുമായ ആചാരങ്ങൾക്ക് ലഭിച്ചിട്ടുള്ള പ്രത്യേക സംരക്ഷണത്തിന് വിരുദ്ധമാണിതെന്ന് ബിജെപി സഖ്യകക്ഷിയായ എൻ.പി.എഫ് ചൂണ്ടിക്കാട്ടി. ‘വന്ദേമാതരം’ ഗാനത്തിലെ ചില വരികൾ ഹിന്ദു ദേവതകളെ പരാമർശിക്കുന്നതിനാൽ അത് തങ്ങളുടെ ഏകദൈവ വിശ്വാസത്തിന് വിരുദ്ധമാണെന്നും പൗരന്മാരുടെ മനസ്സാക്ഷിക്കും മൗലികാവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്നും പാർട്ടി വാദിക്കുന്നു.

Comments are closed.