ക്രൈസ്തവർക്കെതിരെയുള്ള ഗൂഢ നീക്കങ്ങളെ അന്വേഷിക്കാൻ യു എസ്
വാഷിംഗ്ടണ്‍ ഡിസി : ക്രൈസ്തവരെയും, പ്രോലൈഫ് പ്രവർത്തകരെയും ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന ഗൂഢ നീക്കങ്ങളെ പറ്റി അന്വേഷിക്കാൻ അമേരിക്കൻ കോൺഗ്രസ് തീരുമാനിച്ചു. ഇത് സംബന്ധിച്ച അന്വേഷണം ആരംഭിക്കുമെന്ന് ജനപ്രതിനിധി സഭയിലെ ഏതാനും പ്രമുഖ അംഗങ്ങൾ വ്യക്തമാക്കി. ഫ്രീഡം ഓഫ് ആക്സസ് ടു ക്ലിനിക് എൻട്രൻസസ് ആക്ട് ദുരുപയോഗം ചെയ്ത് ബൈഡൻ ഭരണകൂടം നടത്തുന്ന നീക്കങ്ങളായിരിക്കും പ്രധാനമായി അന്വേഷണത്തിന്റെ പരിധിയിൽ വരികയെന്ന് ജോർദാന്റെ കമ്മ്യൂണിക്കേഷൻ വക്താവ് റസൽ ഡൈ വ്യക്തമാക്കി. 26 പ്രോലൈഫ് പ്രവർത്തകരാണ് കഴിഞ്ഞവർഷം ഈ നിയമത്തിന്റെ ഇരകളായി മാറിയത്. അതേസമയം ദേവാലയങ്ങൾക്കെതിരെയും, പ്രോലൈഫ് ക്ലിനിക്കുകൾക്ക് എതിരെയും നടന്ന നൂറോളം ആക്രമണങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നടപടി ഒന്നും ഉണ്ടായില്ല. അന്വേഷണം നടത്താൻ ഒരു സബ് കമ്മിറ്റിയെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു. ജുഡീഷ്യറി കമ്മിറ്റിയുടെ കീഴിലായിരിക്കും ഈ സബ് കമ്മിറ്റി പ്രവർത്തിക്കുക. ഒഹായോയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗം ജിം ജോർദാൻ ആയിരിക്കും സബ് കമ്മിറ്റിയുടെ അധ്യക്ഷൻ.
