ലണ്ടൻ : സ്വവർഗ്ഗാനുരാഗിയായിരുന്ന ജീവിതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് മടങ്ങിയതിനെക്കുറിച്ച് പരസ്യമായി സാക്ഷ്യം പറഞ്ഞ മാത്യു ഗ്രെക്കിന് മാൾട്ടയിലെ കോടതിയിൽ ചരിത്രവിജയം. ലൈംഗിക ആഭിമുഖ്യം മാറ്റാനുള്ള ‘കൺവേർഷൻ തെറാപ്പി’ നിയമവിരുദ്ധമായി പ്രചരിപ്പിച്ചു എന്നാരോപിച്ച് മൂന്ന് വർഷത്തോളമാണ് മാത്യു നിയമപോരാട്ടം നടത്തിയത്. 2022-ൽ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന്റെ പേരിൽ അഞ്ചുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായിരുന്നു ഇദ്ദേഹത്തിന് മേൽ ചുമത്തിയിരുന്നത്. എന്നാൽ തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുന്നത് നിയമലംഘനമല്ലെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കിക്കൊണ്ട് കോടതി മാത്യുവിനെ കുറ്റവിമുക്തനാക്കി.
യൂറോപ്പിലെ തന്നെ കടുത്ത ലിംഗമാറ്റ വിരുദ്ധ നിയമങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് മാൾട്ട. അവിടെ നടന്ന ഈ വിധി ലോകമെമ്പാടുമുള്ള മനുഷ്യാവകാശ-മതസ്വാതന്ത്ര്യ പ്രവർത്തകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. എൽജിബിടി ക്ലബ്ബുകളുടെ പരാതിയെത്തുടർന്ന് 17 തവണ കോടതിയിൽ ഹാജരാകേണ്ടി വന്ന മാത്യുവിനൊപ്പം അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു.

Comments are closed.