യു.കെയുടെ കരുതല്‍; ഓക്സിജന്‍ പ്ലാന്റുകളും വെന്റിലേറ്ററുകളുമായി ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം
ലണ്ടന്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് സഹായവുമായി യു.കെയില്‍നിന്ന് ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം യാത്രതിരിച്ചു. 18 ടണ്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും 1000 വെന്റിലേറ്ററുകളുമായാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍നിന്ന് ആന്റോനോവ് 124 എന്ന കാര്‍ഗോ വിമാനം പുറപ്പെട്ടത്.
ഫോറിങ് കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്മെന്റ് ഓഫിസിന്റെ (എഫ്.സി.ഡി.ഒ) നേതൃത്വത്തില്‍ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്ന ഈ അവശ്യവസ്തുക്കള്‍ നാളെ രാവിലെയോടെ ഡല്‍ഹിയില്‍ എത്തുമെന്നാണ് വിവരം. ഇന്ത്യയില്‍ എത്തിയാല്‍ റെഡ് ക്രോസിന്റെ സഹായത്തോട് വിവിധ ആശുപത്രികളിലേക്ക് കൈമാറുമെന്നാണ് സൂചന. മൂന്ന് ഓക്സിജന്‍ ജനറേറ്റര്‍ യൂണിറ്റുകളില്‍ ഓരോന്നും ഒരു മിനിറ്റില്‍ 500 ലീറ്റര്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കുമെന്നാണ് കണക്ക്. ഇത് ഒരു സമയം 50 പേര്‍ക്ക് ഉപകാരപ്രദമാകും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍നിന്ന് ഓക്സിജന്‍ ജനറേറ്ററുകള്‍ ഇന്ത്യയിലെ ആവശ്യങ്ങള്‍ക്ക് യു.കെ അയയ്ക്കുന്നു. അതിഗുരുതരാവസ്ഥയിലുള്ള നിരവധി കൊവിഡ് രോഗികളുള്ള ഇന്ത്യയിലെ ആശുപത്രികള്‍ക്ക് ഇത് സഹായകമാകും. ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഇന്ത്യയും യു.കെയും ഒരുമിച്ച് പ്രവര്‍ത്തിക്കും. നാമെല്ലാം സുരക്ഷിതരാകുംവരെ ആരും സുരക്ഷിതരല്ല യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
